പുതിയതായി ബ്രിട്ടണിൽ എത്തിയ നിരവധി ഓവർസീസ് നഴ്സുമാർ നേരിടുന്നത് പക്ഷപാതപരമായ പെരുമാറ്റവും വിവേചനവും. വേണ്ടത്ര ട്രെയിനിംഗും പിന്തുണയും ലഭിക്കുന്നില്ലെന്ന് യൂണിസൺ.
പുതിയതായി ബ്രിട്ടണിൽ എത്തിയ നിരവധി ഓവർസീസ് നഴ്സുമാർ ജോലി സ്ഥലങ്ങളിൽ മോശമായ പെരുമാറ്റവും വിവേചനവും നേരിടുന്നതായി റിപ്പോർട്ട്. ഇവർക്ക് ആവശ്യമായ ട്രെയിനിംഗും പിന്തുണയും ലഭിക്കുന്നില്ലെന്ന് യൂണിസൺ കോൺഫ്രൻസിൽ വെളിപ്പെടുത്തപ്പെട്ടു. യൂണിസൺ സംഘടിപ്പിച്ച ഹെൽത്ത് കോൺഫ്രൻസിൽ എത്തിക്കൽ റിക്രൂട്ട്മെൻ്റ് പ്രാക്ടീസസ് ഇൻ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി എന്ന വിഷയത്തിൽ നടന്ന പാനൽ സെഷൻ ഡിസ്കഷനിൽ പങ്കെടുത്തവർ ഇതിൽ ആശങ്ക രേഖപ്പെടുത്തി.
വർണവിവേചനവും പക്ഷപാതപരമായ പെരുമാറ്റവും നിരവധി നഴ്സുമാർക്ക് ബ്രിട്ടണിലെ പുതിയ സാഹചര്യങ്ങളിൽ നേരിടേണ്ടതായി വരുന്നുണ്ട്. യുകെയിലെ ജീവിത സാഹചര്യങ്ങളെക്കുറിച്ചോ ജോലിയുടെ രീതികളെ കുറിച്ചോ ഉളള ആവശ്യമായ ബോധവൽക്കരണം പുതിയതായി എത്തുന്ന പല നഴ്സുമാർക്കും ലഭിക്കുന്നില്ല. മുൻ പരിചയമില്ലാത്ത മേഖലകളിൽ ജോലിയ്ക്ക് നിയോഗിക്കപ്പെടുന്നതും ഇവരുടെ ജോലിയെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ജോലി സ്ഥലത്തു തങ്ങൾക്കുള്ള അവകാശങ്ങളെ കുറിച്ചും വിവേചനം നേരിടുന്ന സാഹചര്യങ്ങളിൽ എങ്ങനെയാണ് പരാതിപ്പെടേണ്ടതെന്നും അറിയില്ലാത്ത അവസ്ഥ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നു. പുതിയ നഴ്സുമാരിൽ പലർക്കും ജോലി സ്ഥലത്തെ യൂണിയനുകളിൽ അംഗത്വമില്ലാത്തതും ഇവരുടെ പ്രശ്നങ്ങൾ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് ജോലി മാറാനോ ഉപേക്ഷിക്കാനോ ശ്രമിക്കുന്ന നേഴ്സുമാർ റിക്രൂട്ട്മെൻ്റിന് ചിലവായ തുക തിരിച്ചടയ്ക്കണമെന്ന നയവും ആശങ്കയുളവാക്കുന്നതാണെന്ന് കോൺഫ്രൻസിൽ അഭിപ്രായമുയർന്നു
യുവധാര ന്യൂസ്