ചരമംദേശീയം

സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡല്‍ഹി :  സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ ചിസ്തി ഭാര്യയാണ്. യുകെയില്‍ സര്‍വകലാശാല അധ്യാപികയായ അഖില യെച്ചൂരി, മാധ്യമപ്രവര്‍ത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവര്‍ മക്കള്‍.

ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങള്‍ക്കായി പാകപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം അത്മാര്‍ത്ഥമായി നിര്‍വഹിച്ച നേതാവായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥക്കാലത്തിന്റെ തീച്ചൂടില്‍ സ്ഫുടം ചെയ്തെടുത്ത രാഷ്ട്രീയ പ്രവര്‍ത്തകന്‍. സര്‍വേശ്വര സോമയാജി യെച്ചൂരി കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് ജനിച്ച സീതാറാം പഠനത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ചയാളായിരുന്നു. ചെന്നൈയിലെ പ്രസിഡന്റ്‌സ് എസ്റ്റേറ്റ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറിക്ക് പഠിക്കുമ്പോള്‍ സിബിഎസ്‌സി പരീക്ഷയില്‍ രാജ്യത്ത് ഒന്നാംറാങ്ക് നേടി. തുടര്‍ന്ന് ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിഎ ഓണേഴ്സ് പഠനം. ജെഎന്‍യുവില്‍ നിന്ന് എംഎ പൂര്‍ത്തിയാക്കി.

ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായിരിക്കെ 1974ലാണ് എസ്എഫ്ഐ അംഗമായത്. അടിയന്തിരാവസ്ഥ കാലത്ത് കുറെക്കാലം ഒളിവില്‍പ്രവര്‍ത്തിക്കുകയും 1975ല്‍അറസ്റ്റ ചെയ്യപ്പെടുകയും ചെയ്തു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ദില്ലി ജവഹര്‍ലാല്‍നെഹ്റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1978ല്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. ‘പഠിക്കുക, പോരാടുക’ എന്ന മുദ്രാവാക്യം എസ്എഫ്‌ഐ ഉയര്‍ത്തിയത് അക്കാലത്താണ്. സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം തുടങ്ങിയെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായതോടെ മുടങ്ങി.

യെച്ചൂരിയിലും പ്രകാശ് കാരാട്ടിലും ഭാവിയില്‍ സിപിഐ എമ്മിനെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാക്കള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തിയത് ഇ എം എസും സുന്ദരയ്യയുമാണ്.1975ലാണ് സിപിഐ എം അംഗമായത്. 1985ല്‍ 12ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റി അംഗമായി. പി സുന്ദരയ്യ, ഇ എം എസ്, ബി ടി ആര്‍, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, ബസവ പുന്നയ്യ, ജ്യോതിബസു തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 1992ല്‍ നടന്ന 14-ാം പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോയില്‍.

2005മുതല്‍ -2017 വരെ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ജനകീയ വിഷയങ്ങള്‍ ഉന്നയിച്ചും വര്‍ഗീയതയ്ക്കും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും എതിരായും യെച്ചൂരി പാര്‍ലമെന്റില്‍ മികവുറ്റ ഇടപെടലുകള്‍ നടത്തി. ഗതാഗതം, വിനോദസഞ്ചാരം, സാംസ്‌കാരികം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ സുപ്രധാന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കി. 1996ലെ ഐക്യമുന്നണി സര്‍ക്കാരിന്റെയും 2004ലെ ഒന്നാം യുപിഎ സര്‍ക്കാരിന്റെയും രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. യുപിഎ-ഇടതുപക്ഷ ഏകോപനസമിതി അംഗമായിരുന്നു.

2014 മുതല്‍ ബിജെപി സര്‍ക്കാരിനെതിരായ ആശയപ്രചാരണത്തിനും പ്രക്ഷോഭത്തിലും നേതൃത്വം നല്‍കി. മോദിസര്‍ക്കാരിന്റെ അമിതാധികാര വാഴ്ചക്കെതിരായി പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. കോവിഡ് കാലത്ത് ജനങ്ങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തി പ്രചാരണം നയിച്ചു. ജമ്മു-കശ്മീരിലും മണിപ്പുരിലും അടക്കം സംഘര്‍ഷബാധിത മേഖലകള്‍ സന്ദര്‍ശിച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു.

വിശാഖപട്ടണത്ത് 2015ല്‍ നടന്ന 21-ാം പാര്‍ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി ജനറല്‍ സെക്രട്ടറിയായത്. പിന്നീട് ഹൈദരാബാദ്, കണ്ണൂര്‍ പാര്‍ടി കോണ്‍ഗ്രസുകളില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി. ലെഫ്റ്റ ഹാന്‍ഡ് ഡ്രൈവ്, വാട്ട് ഈസ് ഹിന്ദു രാഷ്ട്ര, സോഷ്യലിസം ഇന്‍ട്വന്റിഫസ്റ്റ് സെഞ്ചുറി, കമ്യൂണലിസം വേഴ്സസ് സെക്യുലറിസം, ഘൃണ കി രാജ്നീതി (ഹിന്ദി) തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളില്‍ പാണ്ഡിത്യമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button