ചാലിയാർ പുഴയിൽ നിന്ന് ഇതുവരെ കണ്ടെത്തിയത് 147 മൃതദേഹങ്ങൾ
വയനാട് ഉരുൾപൊട്ടലിൽ കണ്ണീർ നിറഞ്ഞൊഴുകി ചാലിയാർ പുഴ. ഇതുവരെ 147 മൃതദേഹങ്ങൾ ആണ് ചാലിയാർ പുഴയിൽ നിന്ന് കണ്ടെത്തിയത്. അപകടസ്ഥലത്ത് നിന്ന് 40 കിലോമീറ്റർ വരെ മനുഷ്യശരീരങ്ങൾ പുഴയിലൂടെ ഒഴുകി.
ചാലിയാർ പുഴയിൽ നിന്ന് 9 മൃതദേഹങ്ങൾ ആണ് ഇന്ന് കണ്ടെത്തിയത്.നിലമ്പൂർ പൂക്കോട്ടുമണ്ണ ,കുമ്പളപ്പാറ ,ഓടായിക്കൽ,കളത്തിൻ കടവ് എന്നിവടങ്ങളിൽ നിന്നാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടമുണ്ടായ ചൂരൽമലയിൽ നിന്ന് 40 കിലോമീറ്റർ അകലെ ഓടായ്ക്കൽ വരെ മൃതദേഹങ്ങൾ ഒഴുകി. മൂന്ന് ദിവസത്തെ തിരച്ചിലിൽ ചാലിയാറിൽ നിന്ന് 58 മൃതദേഹങ്ങളും 89 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. 32 പുരുഷന്മാർ ,23 സ്ത്രീകൾ ,2 ആൺകുട്ടികൾ ,1 പെൺകുട്ടി എന്നിങ്ങനെയാണ് 58 ശരീരങ്ങൾ.146 മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വയനാട്ടിലേക്ക് കൊണ്ട് പോയി.
അതിനിടെ നിലമ്പൂർ ജില്ലാ ആശുപത്രിയിലുള്ള മൃതദേഹത്തിൻ്റെ ഒരു ഭാഗം പ്രാഥമിക പരിശോധനയിൽ മൃഗത്തിന്റേതെന്ന് ഡോക്ടെഴ്സ് കണ്ടെത്തി.എന്നാൽ ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാകൂ.ചാലിയാർ പുഴയിൽ തമിഴ്നാടിന്റെ ഭാഗമായ ഉൾവനത്തിൽ അടക്കം പുഴയുടെ എല്ലാ തീരങ്ങളിലും ഇന്ന് തിരച്ചിൽ നടന്നു. പുഴയിൽ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങൾ ഇന്നും കിലോമീറ്ററുകളോളം ചുമന്നാണ് കരയിലേക്ക് എത്തിക്കുന്നത്.