വിജയമഴയിൽ ഇന്ത്യ ; ഇംഗ്ലണ്ടിനെ 68 റണ്ണിന് തോൽപ്പിച്ചു
ഗയാന : ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 68 റണ്ണിന് കീഴടക്കി ഇന്ത്യ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിൽ കടന്നു. മഴമൂലം തുടങ്ങാൻ വൈകിയ രണ്ടാം സെമി ഒരുതവണ തടസ്സപ്പെട്ടു.
സമർഥമായി പന്ത് തിരിച്ച സ്‌പിൻ ബൗളർമാരാണ് വിജയമൊരുക്കിയത്. മൂന്നു വീതം വിക്കറ്റെടുത്ത് കുൽദീപ് യാദവും അക്‌സർ പട്ടേലും വിജയത്തിൽ നിർണായകമായി. കുൽദീപിന്റെ നേട്ടം നാല് ഓവറിൽ 19 റൺ വഴങ്ങിയാണ്. അക്‌സർ 23 റൺ വിട്ടുകൊടുത്തു. അക്‌സറാണ് കളിയിലെ താരം. ജസ്‌പ്രീത് ബുമ്രക്ക് രണ്ട് വിക്കറ്റുണ്ട്.
ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്കും(25) ക്യാപ്‌റ്റൻ ജോസ് ബട്‌ലറും (23) പൊരുതിനോക്കി. ജോഫ്ര ആർച്ചെർ 15 പന്തിൽ 21 റണ്ണടിച്ച് തോൽവിഭാരം കുറച്ചു. നാല് ഫോറടിച്ച് മുന്നേറിയ ബട്‌ലറെ അക്‌സറിന്റെ പന്തിൽ കീപ്പർ ഋഷഭ് പന്ത് പിടിച്ചു. അപകടകാരിയായ ഓപ്പണർ ഫിൽ സാൾട്ടിനെ (5) ബുമ്ര ബൗൾഡാക്കി. ജോണി ബെയർസ്‌റ്റോയും (0) മൊയീൻ അലിയും (8) അക്‌സറിന് ഇരയായി. സ്‌കോർ ഉയർത്താൻ ശ്രമിച്ച ഹാരി ബ്രൂക്കിനെ വീഴ്‌ത്തി കുൽദീപ് കളി പിടിച്ചു. ലിയാം ലിവിങ്സ്‌റ്റണും (11) ആദിൽ റഷീദും (2) റണ്ണൗട്ടായി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റെടുത്ത ഇന്ത്യക്കായി അർധസെഞ്ചുറി നേടിയ ക്യാപ്‌റ്റൻ രോഹിത് ശർമയും (39 പന്തിൽ 47) സൂര്യകുമാർയാദവുമാണ് (36 പന്തിൽ 47) ഭേദപ്പെട്ട സ്‌കോർ നൽകിയത്.
ഹാർദിക് പാണ്ഡ്യയും (23) രവീന്ദ്ര ജഡേജയും (17*) സ്‌കോർ ഉയർത്തി. ഓപ്പണർ റോളിൽ വിരാട് കോഹ്‌ലി (9) ഒരിക്കൽക്കൂടി പരാജയപ്പെട്ടു. കോഹ്‌ലി ഏഴ് കളിയിൽ നേടിയത് 75 റണ്ണാണ്. വിക്കറ്റ്‌കീപ്പർ ഋഷഭ് പന്തിനും (4) വലിയ സ്‌കോർ സാധ്യമായില്ല. ശിവം ദുബെ ആദ്യ പന്തിൽ പുറത്തായപ്പോൾ അക്‌സർ പട്ടേൽ സിക്‌സർ അടക്കം പത്ത് റൺ നേടി. ഇംഗ്ലണ്ടിനായി ക്രിസ് ജോർദൻ മൂന്ന് വിക്കറ്റെടുത്തു.