അന്തർദേശീയം

പാപ്പുവ ന്യൂ​ഗിനിയിലെ മണ്ണിടിച്ചിൽ; ജീവനോടെ മണ്ണിനടിയിലായത് 2,000 പേരെന്ന് റിപ്പോർട്ട്

പോർട്ട്‌ മോറെസ്‌ബി:  പാപ്പുവ ന്യൂ​ഗിനിയിൽ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഏകദേശം 2,000 പേർ ജീവനോടെ മണ്ണിനടിയിലായതായി ​ഗവൺമെന്റ്. ദേശീയ ദുരന്ത നിവാരണ സെന്റർ ഐക്യരാഷ്ട്ര സംഘടനയ്ക്കു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം 670 പേർ മരിച്ചതായാണ് യുഎൻ കുടിയേറ്റ സംഘടന അറിയിച്ചിരുന്നത്. എന്നാൽ ഇതിന്റെ മൂന്നിരട്ടിയോളം പേർ ദുരന്തത്തിന് ഇരയായതായാണ് പുതിയ റിപ്പോർട്ടുകൾ. രാജ്യത്ത് കനത്ത ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നും സാമ്പത്തിക മേഖലയെ അടക്കം ദുരന്തം ബാധിച്ചിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു.

രാജ്യ തലസ്ഥാനമായ പോർട് മോറസ്ബിയിൽനിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള എൻഗ പ്രവിശ്യയിലെ യാംബലി ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ച മൂന്നിനാണ് സംഭവം നടന്നത്. ഏക​ദേശം 8 മീറ്ററോളം ആഴത്തിൽ ചെളിയും മണ്ണും മൂടിക്കിടക്കുന്നത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നുണ്ട്. അസ്ഥിരമായ കാലാവസ്ഥയും ചെറിയ തോതിൽ മണ്ണിടിച്ചിൽ വീണ്ടും ഉണ്ടാകുന്നതും അപകടം നടന്നത് ഉൾപ്രദേശത്താണെന്നതും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

ഇതുവരെ 6 മൃതദേഹം മാത്രമാണ് കണ്ടെടുക്കാനായത്. പ്രദേശത്ത് ​ഗോത്രകലാപങ്ങൾ നടക്കുന്നതും സ്ഥിതി ദുഷ്കരമാക്കുന്നുണ്ട്. 4000ത്തോളം പേരാണ് അപകടമുണ്ടായ പ്രദേശത്ത് താമസിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button