അന്തർദേശീയം

നടുക്കം മാറാതെ ഇറാൻ ; റെയ്‌സിയുടെ അന്ത്യചടങ്ങുകൾക്ക്‌ തുടക്കമായി

തെഹ്‌റാൻ :  ദുരൂഹ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്‌സിയുടെ അന്ത്യചടങ്ങുകൾക്ക്‌ ഇറാനില്‍ തുടക്കമായി. തബ്രിസ് നഗരത്തിൽ ചൊവ്വാഴ്ച മൃതദേഹാവശിഷ്ടങ്ങൾ വഹിച്ചുള്ള ആദ്യ പ്രദക്ഷിണം നടന്നു. അവിടെനിന്ന്‌ തെഹ്‌റാനിൽ എത്തിച്ച മൃതദേഹം പിന്നീട്‌ ഇസ്ലാമിക പൗരോഹിത്യ പഠനകേന്ദ്രം സ്ഥിതിചെയ്യുന്ന ഖോമിലേക്ക്‌ കൊണ്ടുപോകും. പ്രത്യേക പ്രാർഥനകൾക്കുശേഷം ബുധനാഴ്ച തെഹ്‌റാനിൽ തിരിച്ചെത്തിക്കുന്നതോടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾക്ക്‌ തുടക്കമാകും. തെഹ്‌റാനിലെ ഗ്രാൻഡ്‌ മൊസല്ല പള്ളിയിൽ പരമോന്നത നേതാവ്‌ അയത്തുള്ള അലി ഖമനേയിയുടെ അധ്യക്ഷതയിലാകും ചടങ്ങുകൾ.

റെയ്‌സിക്ക്‌ ആദരമർപ്പിച്ച്‌ വലിയ റാലിയുമുണ്ടാകും. വ്യാഴാഴ്ച സ്വദേശമായ ബിർജന്ദിൽ മൃതദേഹം എത്തിക്കും. ഇവിടെ മാഷദ്‌ ഇമാം റേസ പള്ളിയിലാണ്‌ ഖബറടക്കം.

അതേസമയം, വിദേശമന്ത്രി ഹുസൈൽ അമീർ അബ്ദുല്ലഹിയനുൾപ്പെടെ മറ്റ് ഏഴുപേരുടെയും മൃതദേഹങ്ങൾ വഹിച്ചുള്ള പ്രദക്ഷിണത്തിന്‌ തബ്രിസിൽ വലിയ ജനക്കൂട്ടമുണ്ടായില്ല എന്ന ആക്ഷേപവുമുണ്ട്‌. കടുത്ത അമർഷവും ദുഖവും ജനങ്ങൾ പ്രകടിപ്പിക്കാത്തത്‌ തീവ്രയാഥാസ്ഥിതിക മതനിലപാടുകൾ പുലർത്തിയ റെയ്‌സിക്കെതിരായ ജനവികാരമാണെന്ന വിലയിരുത്തലുണ്ട്‌. ചിലയിടങ്ങളിൽ എതിരാളികൾ അദ്ദേഹത്തിന്റെ മരണം ആഘോഷിക്കുകകൂടി ചെയ്തു.

ഒന്നാം വൈസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മേഖ്‌ബറിനെ ഇടക്കാല പ്രസിഡന്റായും വിദേശസഹമന്ത്രി അലി ബാഖരി കനിയെ ഇടക്കാല വിദേശമന്ത്രിയായും ഖമനേയി നിയമിച്ചു.അതേസമയം, അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ഇറാന്‍ പുറത്തുവിടാത്തതില്‍ ദുരൂഹത ആരോപിക്കപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button