പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ 4 EU രാജ്യങ്ങൾ

മാഡ്രിഡ് : പലസ്‌തീനെ പരമാധികാര സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ യൂറോപ്യൻ യൂണിയനിലെ കൂടുതൽ രാജ്യങ്ങൾ. സ്പെയിന്‍, അയർലൻഡ്, സ്ലൊവേനിയ, മാൾട്ട എന്നീ ഇ യു രാജ്യങ്ങളും നോർവേയുമാണ് പുതുതായി പലസ്‌തീനെ സ്വതന്ത്ര പരമാധികാര രാഷ്‌ട്രമായി അംഗീകരിക്കുന്നത്. ദ്വിരാഷ്‌ട്ര പരിഹാരത്തിനുള്ള ചുവടുവയ്‌പായി കണക്കാക്കുന്ന നീക്കം ഇസ്രയേലിന് വലിയ തിരിച്ചടിയാണ്.
പലസ്തീനിനെ ഒരു രാഷ്ട്രമായി അംഗീകരിക്കാൻ പ്രേരിപ്പിക്കുന്നതിന് ഈയടുത്ത മാസങ്ങളിൽ സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. നാറ്റോ അംഗമായ നോർവേ വസന്തകാലത്ത് പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. നിലവിൽ ബൾഗേറിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, റൊമാനിയ, സ്ലൊവാക്യ, ഹംഗറി, ഗ്രീക്ക്, സ്വീഡൻ എന്നീ യൂറോപ്യൻ യൂണിയൻ അംഗങ്ങൾ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുണ്ട്.