അന്തർദേശീയം
സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ഒരാൾ മരിച്ചു: 30 പേർക്ക് പരിക്ക്

ബാങ്കോക്ക് : ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപെട്ട് ഒരാൾ മരിച്ചു. 30ഓളം പേർക്ക് പരിക്കേറ്റു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ് ക്യു 21 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച പുറപ്പെട്ട ബോയിങ് 777–300 ഇആർ വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ചുഴിയിൽപെട്ടതിനെത്തുടർന്ന് വിമാനം അടിയന്തരമായി ബാങ്കോക്ക് വിമാനത്താവളത്തിലിറക്കി. ചൊവ്വാഴ്ച പ്രാദേശിക സമയം 3.45നാണ് വിമാനം ബാങ്കോക്കിൽ അടിയന്തരമായി നിലത്തിറക്കിയത്. തായ്‌ലൻഡ് സർക്കാരുമായി ചേർന്ന് പരിക്കേറ്റ യാത്രക്കാർക്ക് വൈദ്യസഹായം നൽകുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും വൈദ്യസംഘത്തെ ബാങ്കോക്കിലേക്ക് അയച്ചതായും സിംഗപ്പൂർ എയർലൈൻസ് അറിയിച്ചു.