ദേശീയം

ചാന്ദ്രയാൻ 3 ഇന്ന്‌ കുതിക്കും വിക്ഷേപണം പകൽ 2.35ന്

തിരുവനന്തപുരം – ചാന്ദ്രയാത്രയ്‌ക്ക്‌ മുന്നോടിയായുള്ള കൗണ്ട്‌ഡൗൺ ആരംഭിച്ചു. ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ വെള്ളിയാഴ്‌ച ചാന്ദ്രയാൻ 3 കുതിക്കും. പടുകൂറ്റൻ റോക്കറ്റായ എൽവിഎം 3 എം 4 ആണ്‌ പേടകവുമായി യാത്ര പുറപ്പെടുക. പകൽ 2.35ന്‌ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്നാണിത്‌.

വ്യാഴം പകൽ 1.05ന്‌ ആരംഭിച്ച കൗണ്ട്‌ഡൗണിനെത്തുടർന്ന്‌ റോക്കറ്റിൽ ഇന്ധനം നിറയ്‌ക്കുന്ന പ്രക്രിയ തുടങ്ങി. ഇതിനൊപ്പം റോക്കറ്റിലെയും പേടകത്തിലെയും സോഫ്‌റ്റ്‌വെയർ, ഇലക്‌ട്രോണിക്‌ സംവിധാനങ്ങൾ, മർദവ്യതിയാനങ്ങൾ തുടങ്ങിയവ തുടർച്ചയായി നിരീക്ഷിക്കും.
കൗണ്ട്‌ഡൗണിന്റെ അവസാനം വിക്ഷേപണ ചുമതല സ്വയംനിയന്ത്രിത സംവിധാനം ഏറ്റെടുക്കും. വിക്ഷേപണത്തിന്റെ പതിനാറാം മിനിറ്റിൽ ചാന്ദ്രയാൻ പേടകം ഭൂമിക്കടുത്തുള്ള താൽക്കാലിക ഭ്രമണപഥത്തിൽ എത്തും. ഘട്ടംഘട്ടമായി വരും ദിവസങ്ങളിൽ ഭ്രമണപഥം ഉയർത്തും.

കൺട്രോൾ റൂമിൽനിന്നുള്ള കമാൻഡുകൾ വഴി ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാകുമിത്‌. അഞ്ച്‌ ഘട്ടമായി പഥം ഉയർത്താനാണ്‌ തീരുമാനം. ആഗസ്‌ത്‌ ആദ്യവാരം ഭൂമിയുടെ ആകർഷണവലയം ഭേദിച്ച്‌ പേടകം ചന്ദ്രനിലേക്ക്‌ പായും. ദീർഘയാത്രയ്‌ക്കൊടുവിൽ ആഗസ്‌ത്‌ മൂന്നാംവാരം ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക്‌ കടക്കും. പിന്നീട്‌ വേഗം കുറച്ച്‌ ചന്ദ്രന്റെ നൂറു കിലോമീറ്റർ അരികിലേക്ക്‌ എത്തിക്കും. തുടർന്ന്‌ പ്രൊപ്പൽഷൻ മോഡ്യൂൾ വേർപെടും. വീണ്ടും 50 കിലോമീറ്റർ അരികിലേക്ക്‌ നീങ്ങും. ആഗസ്‌ത്‌ 23നോ 24നോ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങും. നാല്‌ ത്രസ്റ്റർ എതിർ ദിശയിൽ ജ്വലിപ്പിച്ചാണ്‌ വേഗം നിയന്ത്രിക്കുക. സെൻസറുകളുടെ സഹായത്തോടെ സ്വയം നിയന്ത്രിത സംവിധാനം വഴിയാണ്‌ സോഫ്‌റ്റ്‌ ലാൻഡിങ്‌. ആറ്‌ പ്രധാന പരീക്ഷണ ഉപകരണമാണ്‌ ലാൻഡറിലും റോവറിലുമുള്ളത്‌. ഇവ ഉപയോഗിച്ച്‌ രണ്ടാഴ്‌ച പര്യവേക്ഷണം നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button