പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു; ക്യാമ്പസ് ഫ്രണ്ട് ഉൾപ്പടെ 8 അനുബന്ധ സംഘടനകൾക്കും നിരോധനം
ന്യൂഡൽഹി> പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. അഞ്ചുവർഷത്തേക്കാണ് നിരോധനം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്‌ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്.
പോപ്പുലർ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചു. റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍സിഎച്ച്ആര്‍ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ , റിഹാബ് ഫൗണ്ടേഷന്‍ കേരളഎന്നീ സംഘടനകളെയാണ് നിരോധിച്ചത്.ഈ സംഘടനകള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നിയമം ലംഘിച്ച് ഈ സംഘടനകളിൽ പ്രവർത്തിച്ചാൽ 2 വർഷം വരെ തടവും ലഭിക്കാം .
രാജ്യത്തിന്‍റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന തരത്തില്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലര്‍ ഫ്രണ്ടിന് ഉള്ളതെന്ന് നിരോധന ഉത്തരവില്‍ ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കുന്നു.