ദേശീയം

ഇന്ത്യന്‍ വിമാനം റാഞ്ചിയ സംഘത്തിലെ അടുത്ത ഭീകരനും പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു?; കറാച്ചിയില്‍ ‘അജ്ഞാതരുടെ’ വെടിയേറ്റ് മരിച്ചത് സഫറുള്ള ജമാലി


ന്യൂഡൽഹി :  കാണ്ഡഹാറില്‍ ഇന്ത്യന്‍ വിമാനം റാഞ്ചിക്കൊണ്ടുപോയ ഭീകരരില്‍ ഒരാള്‍ കൂടി പാകിസ്ഥാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിമാനം ഐസി 814 റാഞ്ചിക്കൊണ്ടു പോയ  സംഘത്തിലെ പ്രമുഖന്‍ സഫറുള്ള ജമാലിയെ കറാച്ചിയില്‍ വെച്ച് അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാതര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വിമാനം റാഞ്ചിയ സംഘത്തിലെ ഭീകരന്‍ സഹൂര്‍ മിസ്ത്രിയെ കൊലപ്പെടുത്തിയിരുന്നു.

1999 ഡിസംബറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ ഭീകരസംഘത്തിന്റെ തലവനായിരുന്നു ഇപ്പോള്‍ കൊല്ലപ്പെട്ട സഫറുള്ള ജമാലി. അഞ്ച് ഹൈജാക്കര്‍മാരില്‍ ഇപ്പോള്‍ രണ്ട് പേര്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഇബ്രാഹിം അസ്ഹര്‍ (മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍), റൗഫ് അസ്ഗര്‍ എന്നിവരാണ് അവര്‍. എന്നാല്‍, ജമാലി എന്നയാള്‍ ഹൈജാക്കര്‍മാരില്‍ ഉള്‍പ്പെട്ടിരുന്നോ എന്നതില്‍ വിവിധ ഏജന്‍സികള്‍ വ്യക്തത വരുത്തിയിട്ടില്ല.
ഇന്ത്യ തേടുന്ന കൊടുംഭീകരന്‍ സഹൂര്‍ മിസ്ത്രി എന്ന സാഹിദ് അഖുന്ദിനെ പാക്കിസ്ഥാനിലെ കറാച്ചിയില്‍ വച്ചാണ് അജ്ഞാത സംഘം കൊലപ്പെടുത്തിയത്. മിസ്ത്രി പാക് ചാര സംഘടനയായ ഐ എസ് ഐയുടെ സുരക്ഷയിലായിരുന്നു കഴിഞ്ഞിരുന്നത്.മുഖം മറച്ച രണ്ടംഗ സംഘമാണ് ഇയാളെ വധിച്ചത്. ഇപ്പോള്‍ ജമാലിയെ വധിച്ചതും അജ്ഞാത സംഘമാണ്.
എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്ത അഞ്ച് ഭീകരരില്‍ ഒരാളായ മസ്ത്രി വര്‍ഷങ്ങളായി പാകിസ്ഥാനില്‍ ‘സാഹിദ് അഖുന്ദ്’ ആയി കഴിയുകയായിരുന്നു. കറാച്ചിയിലെ അക്തര്‍ കോളനിയിലെ ‘ക്രസന്റ് ഫര്‍ണിച്ചര്‍’ സ്‌റ്റോറിന്റെ ഉടമയായിരുന്നു. ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ റൗഫ് അസ്ഗര്‍ ഉള്‍പ്പെടെയുള്ള ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ സഹൂറിന്റെ ശവസംസ്‌കാര പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു

1999 ഡിസംബര്‍ 24 ന്, ഹര്‍കത്ത് ഉല്‍ മുജാഹിദ്ദീന്റെ അഞ്ച് ഭീകരര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക് ചെയ്യുകയായിരുന്നു. ദല്‍ഹിയില്‍ എത്തേണ്ടിയിരുന്ന വിമാനം താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ നിലയുറപ്പിക്കുന്നതിന് മുമ്പ് ലാഹോര്‍, അമൃത്സര്‍, ദുബായ് എന്നിവിടങ്ങളിലും ലാന്‍ഡ് ചെയ്തിരുന്നു.

മസൂദ് അസ്ഹര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ തുടങ്ങിയ മൂന്ന് ജെയ്‌ഷെ  ഭീകരരെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാനായിരുന്നു ഹൈജാക്ക്. 200 മില്യണ്‍ യുഎസ് ഡോളറിന് പുറമെ ഭീകരനായ ഭീകരന്‍ മൗലാന മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ മുപ്പത്തിയഞ്ച് ഭീകരരെ ഇന്ത്യന്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഹൈജാക്കര്‍മാര്‍ ആവശ്യപ്പെട്ടു. 1999 ഡിസംബര്‍ 31ന്, ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ സുരക്ഷ ഉപദേഷ്ടാവ്  അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ചര്‍ച്ചാസംഘം മൂന്ന് ഭീകരരെ മോചിപ്പിക്കാന്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് വിമാനത്തില്‍ നിന്ന് ബന്ദികളെ മോചിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button