യുക്രെയ്ൻ, മോൾഡോവ, ജോർജിയ എന്നീ രാജ്യങ്ങളുടെ അംഗത്വഅപേക്ഷകളിൽ തീരുമാനമെടുക്കാൻ യൂറോപ്യൻ യൂണിയൻ നേതാക്കളോട് ആവശ്യപ്പെട്ട് യൂറോപ്യൻ പാർലമെന്റ്

ജൂൺ 23-24 തീയതികളിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ കൗൺസിൽ യോഗത്തിന് മുന്നോടിയായി ഉക്രെയ്ൻ, റിപ്പബ്ലിക് ഓഫ് മോൾഡോവ, ജോർജിയ എന്നീ രാജ്യങ്ങളുടെ അംഗത്വ അപേക്ഷകളിൽ തീരുമാനമെടുക്കാൻ യൂറോപ്യൻ പാർലമെന്റ് രാഷ്ട്രത്തലവന്മാരോടും ഗവൺമെന്റ് മേധാവികളോടും ആവശ്യപ്പെട്ടു.
യൂറോപ്യൻ അയൽരാജ്യമായ ഉക്രെയ്നിനെതിരായ ക്രൂരമായ ആക്രമണത്തിന്റെ സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ ധൈര്യവും ദൃഢനിശ്ചയവും കാണിക്കണമെന്നും
ഒരേ ആദർശങ്ങൾക്കായി നിലകൊള്ളുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് യൂണിയൻ നിലകൊള്ളണമെന്നും യൂറോപ്യൻ പാർലമെന്റ് രാഷ്ട്രീയ നേതാക്കൾ പറഞ്ഞു.
“യൂറോപ്യൻ കുടുംബത്തിലെ അഭിമാനവും പ്രതിബദ്ധതയുമുള്ള അംഗമായ, സ്വതന്ത്രവും ജനാധിപത്യപരവും സമൃദ്ധവുമായ ഒരു രാജ്യത്ത് ജീവിക്കാൻ ഉക്രേനിയൻ പൗരന്മാർ ആഗ്രഹിക്കുന്നു.”
ജോർജിയയിലെയും മോൾഡോവയിലെയും വെസ്റ്റേൺ ബാൾക്കൻ രാജ്യങ്ങളിലെയും ജനങ്ങളും ഇതേ അഭിലാഷങ്ങൾ പങ്കിടുന്നുവെന്നും അവരുടെ പ്രതീക്ഷകൾ അവഗണിക്കരുതെന്നും നേതാക്കന്മാർ പറഞ്ഞു.
തങ്ങളുടെ സംയുക്ത പ്രസ്താവനയിൽ, രാഷ്ട്രീയ ഗ്രൂപ്പുകളുടെ നേതാക്കൾ അംഗരാജ്യങ്ങളുടെ തലവന്മാരോട് ജോർജ്ജിയ യ്ക്കും ഉക്രെയ്നിനും മോൾഡോവ റിപ്പബ്ലിക്കിനും “മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രക്രിയ”യുടെ തുടക്കമെന്ന നിലയിൽ യൂറോപ്യൻ യൂണിയൻ സ്ഥാനാർത്ഥി പദവി നൽകാനും അതിനായി പ്രവർത്തിക്കാനും അഭ്യർത്ഥിച്ചു.
മാർച്ച് 3 ന് ജോർജിയ ഔദ്യോഗികമായി യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് അപേക്ഷിച്ചിരുന്നു. പ്രധാനമന്ത്രി ഇറാക്ലി ഗരിബാഷ്വിലിയാണ് രാജ്യത്തിന്റെ അപേക്ഷയിൽ ഒപ്പുവച്ചത്.
ഈ ആഴ്ച ആദ്യം, ഉക്രെയ്നിലെ വെർഖോവ്ന റഡയുടെ സ്പീക്കർ റുസ്ലാൻ സ്റ്റെഫാൻചുക്കാനും, യൂറോപ്യൻ യൂണിയൻ അംഗത്വത്തിനുള്ള സ്ഥാനാർത്ഥി രാജ്യമാകാനുള്ള തന്റെ രാജ്യത്തിന്റെ ശ്രമത്തെ പിന്തുണയ്ക്കാൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
യുവധാര ന്യൂസ്