അന്തർദേശീയം

ചൈനീസ് ചാരക്കപ്പല്‍ ചൊവ്വാഴ്ച ഹമ്പന്‍ടോട്ട തുറമുഖത്തെത്തും


ചൈനീസ് ചാരക്കപ്പല്‍ ഹമ്പന്‍ടോട്ട തുറമുഖത്ത് എത്താന്‍ ശ്രീലങ്കയുടെ അനുമതി. ചാരക്കപ്പലിന് ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ ശ്രീലങ്കന്‍ വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങളാണ് അനുമതി നല്‍കിയത്. ചൈനീസ് ചാരക്കപ്പല്‍ ചൊവ്വാഴ്ച ഹമ്പന്‍ടോട്ട തുറമുഖത്തെത്തും. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ലങ്കന്‍ നടപടി.
ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കയില്‍ പ്രവേശിക്കുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചാരക്കപ്പല്‍ തുറമുഖത്തില്‍ പ്രവേശിക്കുന്നതില്‍ ലങ്കയിലെ യു എസ് അംബാസിഡര്‍ ജൂലി ചംഗും പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ എതിര്‍പ്പറിയിച്ചിരുന്നു.
എന്നാല്‍ ചൈനീസ് കപ്പലിനോടുള്ള എതിര്‍പ്പ് വിശദീകരിക്കാന്‍ ശ്രീലങ്കന്‍ ഭരണകൂടം ഇന്ത്യയോടും അമേരിക്കയോടും ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഇരുരാജ്യങ്ങളും വ്യക്തമായ വിശദീകരണം നല്‍കിയില്ലെന്നുമാണ് ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യ ശ്രീലങ്കയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയാണെന്ന് ചൈനയും വിമര്‍ശിച്ചിരുന്നു.

സാങ്കേതികമായി വളരെ പുരോഗമിച്ച ചൈനയുടെ സ്‌പേസ് ട്രാക്കിംഗ് കപ്പലാണ് യുവാന്‍ വാങ്-5. ഇന്ധനം നിറയ്ക്കാനെന്ന പേരില്‍ ആണ് ഹംബന്‍തോട്ട തുറമുഖ യാര്‍ഡില്‍ കപ്പല്‍ എത്തുന്നത്. കപ്പല്‍ 7 ഏഴു ദിവസത്തോളം അവിടെയുണ്ടാവും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകള്‍ സംഭരിക്കാനും വിശകലനം ചെയ്യാന്‍ ചാരക്കപ്പലിന് കഴിയുമെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ചൈന പ്രകോപിതരായത്. ചാരക്കപ്പല്‍ ശ്രീലങ്കയില്‍ പ്രവേശിക്കുമെന്ന സൂചന പുറത്തെത്തിയത് മുതല്‍ കേരളത്തിലും തമിഴ്‌നാട്ടിലും അതീവജാഗ്രതയ്ക്ക് നാവികസേന തീരുമാനിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button