നീലേശ്വരത്ത് പൂമാരുതന്‍ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി

നീലേശ്വരം : പൂമാരുതന്‍ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി. നീലേശ്വരം പള്ളിക്കര പാലരെ കീഴില്‍ ശ്രീവിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ തെയ്യം വെള്ളാട്ടത്തിന് ഇടയിലാണ് സംഭവം.
പൂമാരുതന്‍ വെള്ളാട്ടത്തിനിടയില്‍ തെയ്യത്തിന്റെ തട്ടേറ്റ് നീലേശ്വരം സ്വദേശി മനുവാണ് ബോധരഹിതനായി വീണത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വാളും പരിചയുമേന്തിയ തെയ്യത്തിന്റെ തട്ടേറ്റ് ബോധരഹിതനായി വീണ യുവാവിനെ ആളുകള്‍ എടുത്തു കൊണ്ട് പോകുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പരിക്കേറ്റ മനു പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്.
തട്ടും വെള്ളാട്ടം എന്ന പേരില്‍ അറിയപ്പെടുന്ന തെയ്യം കെട്ടിയാടുന്നതിനിടെ കാഴ്ചക്കാരെ പോലും പരിച കൊണ്ട് തട്ടി മാറ്റുന്നതാണ് പതിവ്.തെയ്യത്തില്‍ നിന്നും തട്ട് വാങ്ങാനും തെയ്യത്തെ ആവേശത്തിലേറ്റാനും വിശ്വാസികള്‍ ആര്‍പ്പുവിളികളുമായി ചുറ്റും കൂടി നില്‍ക്കും. ഇങ്ങനെ നിന്നതായിരുന്നു മനുവും.
മലനാട് കാണാന്‍ ഏഴിമലയില്‍ എത്തിയ ആര്യ രാജപുത്രിയുടെ സഹോദര സ്ഥാനീയനാണ് മല്ലനായ പൂമാരുതന്‍ എന്നാണ് വിശ്വാസം. വഴിനീളെ 107 അഴികടന്ന് ദുഷ്ട ശക്തികളെ നിഗ്രഹിച്ച് ഭക്തന്മരെ രക്ഷിച്ചു എന്നാണ് വിശ്വാസം. പൂമാല ഭഗവതിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളിലാണ് പൂമാരുതന്‍ കെട്ടിയാടുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രാദേശിക ക്ഷേത്രങ്ങളില്‍ പ്രധാനമായും പൂമാല ഭഗവതിയെ ആരാധിക്കുന്നിടത്ത് പൂമാരുതന്‍ കെട്ടിയാടാറുണ്ട്.



