എറണാകുളത്ത് ട്രെയിനില്‍ നിന്ന് കാല്‍തെറ്റി വണ്ടിക്കും പാളത്തിനുമിടയില്‍ വീണ സ്ത്രീക്ക് രക്ഷകനായി യുവാവ്

കൊച്ചി : എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നീങ്ങുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവേ കാല്‍തെറ്റി വീണ സ്ത്രീക്ക് രക്ഷകനായി യുവാവ്. പറളി തേനൂര്‍ സ്വദേശി രാഘവനുണ്ണിയാണ് സമയോചിതമായ ഇടപെടലിലൂടെ സ്ത്രീക്ക് രക്ഷകനായത്. റെയില്‍വേ എറണാകുളം ഡിപ്പോയില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യനാണ് തേനൂര്‍ കോട്ടായിറോഡ് വളയച്ചന്‍മാരില്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ രാഘവനുണ്ണി.
ഓഗസ്റ്റ് 9ന് രാത്രി 12.45നായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെ മേലുദ്യോഗസ്ഥന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നീങ്ങിക്കൊണ്ടിരുന്ന രാജ്യറാണി എക്‌സ്പ്രസില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച സ്ത്രീ വണ്ടിക്കും പാളത്തിനുമിടയിലേക്ക് വീഴുകയായിരുന്നു. സമീപത്തുകൂടി അറ്റകുറ്റപ്പണികള്‍ക്കായി പോകുകയായിരുന്നു രാഘവനുണ്ണി. തന്റെ കൈയില്‍ ഉണ്ടായിരുന്ന പണിയായുധങ്ങളെല്ലാം നിലത്തിട്ട് ഓടിയെത്തിയ രാഘവനുണ്ണി സ്ത്രീയെ രക്ഷിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്.
അപകടത്തിന്റെ അമ്പരപ്പ് മാറാതെനില്‍ക്കുന്ന സ്ത്രീക്ക് സമീപത്തുനിന്ന് പണിയായുധങ്ങള്‍ പെറുക്കിയെടുത്ത് ഒരു നന്ദിവാക്കിന് പോലും കാത്തുനില്‍ക്കാതെ സഹപ്രവര്‍ത്തകനോടൊപ്പം നടന്നുനീങ്ങുന്ന രാഘവനുണ്ണിയെ വിഡിയോയില്‍ കാണാം. വിഡിയോ വൈറലായതോടെ രാഘവനുണ്ണിക്ക് അഭിനന്ദനപ്രവാഹമാണ്. രാഘവനുണ്ണി 13 വര്‍ഷമായി ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നു.