സുഡാനില്‍ ആഭ്യന്തര കലാപം രൂക്ഷം; സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു

ഖാര്‍ത്തൂം : ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ കൂട്ടക്കൊലയെന്ന് റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. റാപിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) നിരവധിയാളുകളെ നിരത്തിനിര്‍ത്തി കൂട്ടക്കൊല ചെയ്യുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവന്നിട്ടുണ്ട്.
സുഡാന് സൈന്യവും വിമത സേനയായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്സുമായാണ് ഒരു വര്‍ഷമായി ഏറ്റുമുട്ടല്‍ തുടരുന്നത്. എല്‍ ഷാഫിര്‍ നഗരം ദിവസങ്ങള്‍ക്കു മുന്‍പ് വിമതര്‍ പിടിച്ചതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെയും തങ്ങളെ എതിര്‍ക്കുന്നവരെയുമാണ് ആര്‍എസ്എഫ് അതിക്രൂരമായി കൊല ചെയ്യുന്നത്. രാജ്യത്ത് അതീവഗുരുതര സാഹചര്യമാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.
രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ 2,000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് 90 ശതമാനവും സുഡാനി അറബ് വംശജരാണ്. 5% ക്രിസ്ത്യാനികളും 5% പ്രാദേശിക ഗോത്രവിഭാഗക്കാരുമാണ്. സുഡാന് പട്ടാള ഭരണാധികാരി ജനറല്‍ അബ്ദേല്ല ഫത്താ അല്‍ ബുര്‍ഹാന്‍ പൂര്‍ണ പിന്തുണ നല്‍കുകയാണ് സൈന്യം. ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡഗാലോയെ അനുകൂലിക്കുന്നവരാണ് ആര്‍എസ്എഫ്. 2019ല്‍, സുഡാന്റെ ഏകാധിപതി ഒമര്‍ അല്‍ ബഷീറിനെ പുറത്താക്കിയതു മുതലാണ് ഇരു സേനകളും തമ്മില്‍ അധികാര വടംവലി തുടങ്ങിയത്.



