യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഫ്രാൻസിൽ ആദ്യമായി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് ജീവപര്യന്തം തടവ്

പാരിസ് : പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഫ്രാൻസിൽ 27കാരിക്ക് ജീവപര്യന്തം തടവ്. ഫ്രാൻസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്ന ആദ്യ വനിതയാണ് അൾജീരിയൻ വംശജയായ ഡാബിയ ബെൻകിരെഡ്. സ്കൂൾ വിദ്യാർഥിനി ലോല ഡേവിറ്റിനെ (12) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് പാരീസിലെ കോടതി വെള്ളിയാഴ്ച ഡാബിയയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 1981-ൽ വധശിക്ഷ നിർത്തലാക്കിയതിനുശേഷം ഫ്രഞ്ച് ക്രിമിനൽ കോഡിലുള്ള ഏറ്റവും കഠിനമായ ശിക്ഷയാണിത്. മൂന്നു വർഷം മുമ്പാണ് ഫ്രാൻസിനെ ഞെട്ടിച്ച സംഭവമുണ്ടായത്.

വളരെ അപൂർവമായ കേസുകളിൽ മാത്രമേ ഫ്രാൻസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുള്ളൂ. പരമ്പര കൊലയാളി മൈക്കൽ ഫോർണിറെറ്റ്, 2015 നവംബറിൽ പാരീസിൽ നടന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിന്റെ പ്രധാനിയായ സലാ അബ്ദേസ്ലാം എന്നിവർക്കാണ് മുമ്പ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിട്ടുള്ളത്. കുറഞ്ഞത് 30 വർഷമെങ്കിലും യുവതി ജയിലിൽ കഴിയേണ്ടി വരും.

2022 ഒക്ടോബറിലാണ് ലോലയുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കുട്ടിയും കുടുംബവും താമസിച്ചിരുന്ന കെട്ടിടത്തിന് പുറത്തുള്ള പൊതു സ്ഥലത്ത് പ്ലാസ്റ്റിക് പെട്ടിയിൽ കണ്ടെത്തിയത്. കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട് മണിക്കൂറുകൾക്കുശേഷം മൃതദേഹം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടി പ്രതിക്കൊപ്പം അപ്പാർട്മെന്റിലേക്ക് കയറുന്നതും കുറച്ചുമണിക്കൂറുകൾക്കു ശേഷം യുവതി ഭാരമുള്ള പോളിത്തീൻ ബാ​​ഗുമായി തനിച്ച് പുറത്തേക്കിറങ്ങുന്നതും കണ്ടു.

ഹൃദയാഘാതം, ശ്വാസംമുട്ടൽ, സെർവിക്കൽ കംപ്രഷൻ എന്നിവ കാരണമാണ് പെൺകുട്ടി മരിച്ചതെന്നായിരുന്നു പൊലീസ് പ്രോസിക്യൂട്ടറുടെ റിപ്പോർട്ട്. മുഖത്തും ശരീരത്തിന്റെ പിൻഭാ​ഗത്തും കഴുത്തിലും വലിയ മുറിവുകൾ ഉണ്ടായിരുന്നു. കുട്ടി താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ തന്നെയാണ് പ്രതിയായ യുവതിയുടെ സഹോ​ദരിയും താമസിച്ചിരുന്നത്. ഇവിടേക്കാണ് കുട്ടിയെ കൊണ്ടുപോയതെന്ന് ചോദ്യം ചെയ്യലിൽ ഡാബിയ സമ്മതിച്ചു. ഇവിടെയെത്തിച്ച ശേഷം പെൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിക്കുകയും ടേപ്പ് ഉപയോ​ഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. തുടർന്നാണ് മൃതദേഹം ഉപേക്ഷിച്ചത്. പെൺകുട്ടിക്ക് നീതി ലഭിച്ചെന്ന് വിധി പ്രഖ്യാപനത്തിനു ശേഷം കുടുംബം പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button