മാൾട്ടാ വാർത്തകൾ

വിൻഡോസ് തകരാർ : മാൾട്ടയിൽ വിമാനസർവീസ് തടസപ്പെട്ടത് 10 മണിക്കൂറോളം

മലയാളികളായ ലിൻസിയെയും ജോർജിനെയും പോലെ വിമാനത്താവളത്തിൽ കുടുങ്ങിയത് നിരവധിപ്പേർ

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറുമൂലം മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ഫ്ളൈറ്റുകള്‍ വൈകിയത് 10 മണിക്കൂറോളം. കേരളത്തിലേക്ക് പോകുന്ന മലയാളികളായ ലിന്‍സി- ജോര്‍ജ് എന്നിവരെപ്പോലെ നൂറുകണക്കിന് യാത്രക്കാരാണ് എയര്‍പോര്‍ട്ട് ലോഞ്ചിലും തറയിലുമായി മണിക്കൂറുകള്‍ തള്ളിനീക്കിയത്.  വിമാനത്താവളത്തില്‍ തിരക്കുള്ള സമയമായതിനാല്‍ പലരും ഇരിക്കാന്‍ പോലും കഴിയാതെ ബദ്ധപ്പെട്ടു.

മിലാന്‍-ബെര്‍ഗാമോയിലേക്കുള്ള റയാന്‍ എയര്‍ വിമാനം 10 മണിക്കൂര്‍ വൈകിയതിനെത്തുടര്‍ന്ന് ലിന്‍സി ജോര്‍ജിനും ഭര്‍ത്താവിനും ഇന്ത്യയിലേക്കുള്ള കണക്റ്റിംഗ്
ഫ്‌ലൈറ്റാണ് നഷ്ടമായത്. അവധിക്കാലം ചെലവഴിക്കാന്‍ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു അവര്‍. രാവിലെ 11.35 മുതല്‍ രാത്രി 9.25 വരെയാണ് അവര്‍ക്ക് പോകേണ്ട റയാന്‍ എയര്‍ വിമാനം വൈകിയത്. ഇതോടെ ഇന്ത്യയിലേക്കുള്ള ഫ്ളൈറ്റ് റീബുക്ക് ചെയ്യേണ്ട അവസ്ഥയിലായി അവര്‍. കുട്ടികളും കുടുംബവുമായി അവധിക്കാലം ചെലവഴിക്കാന്‍ എത്തിയവരാണ് കൂടുതല്‍ കഷ്ടപ്പെട്ടത്. ഫ്‌ലൈറ്റിനെക്കുറിച്ച് അധികം ആശങ്കയില്ലെങ്കിലും, ഒരു കൊച്ചുകുട്ടിയുമായി ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ കാത്തിരിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് യുകെ യാത്രികയായ ലൂയിസ് ഫിലിപ്പ് പറഞ്ഞു.

മാള്‍ട്ട ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി വിമാനത്താവളങ്ങളെ വിന്‍ഡോസ് തകരാര് ബാധിച്ചതായി മാള്‍ട്ട ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു. വിന്‌ഡോസ് തകരാര്‍ വിമാനസര്‍വീസുകളെ കാര്യമായി ബാധിച്ചതായി വ്യക്തമാക്കിയ റയാന്‍ എയര്‍
എല്ലാ യാത്രക്കാരോടും ചുരുങ്ങിയത് മൂന്നുമണിക്കൂര്‍ എങ്കിലും മുന്‍പേ വിമാനത്താവളത്തില്‍ എത്തണമെന്നും എക്‌സ് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button