‘സമാധാനത്തിന് മുകളില്‍ രാഷ്ട്രീയം പ്രതിഷ്ഠിച്ചു’; നൊബേല്‍ സമിതിക്ക് വൈറ്റ് ഹൗസിന്റെ വിമര്‍ശനം

വാഷിങ്ടണ്‍ ഡിസി : 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി വൈറ്റ്ഹൗസ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പുരസ്കാരം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് യുഎസിന്റെ വിമര്‍ശനം. സമാധാനത്തിനു മുകളില്‍ രാഷ്ട്രീയം സ്ഥാപിക്കുന്നുവെന്ന് നോബല്‍ കമ്മിറ്റി ഒരിക്കല്‍ കൂടിതെളിയിച്ചിരിക്കുന്നു എന്നാണ് വിഷയത്തില്‍ വൈറ്റ് ഹൗസിന്റെ പ്രതികരണം.
‘യുഎസ് പ്രസിഡന്റ് സമാധാന കരാറുകള്‍ ഉണ്ടാക്കുന്നത് തുടരുകയും യുദ്ധങ്ങള്‍ അവസാനിപ്പിക്കുകയും ജീവന് രക്ഷിക്കുകയും ചെയ്യും’ എന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പ്രതികരണം. സമാധാനത്തിനുപകരം രാഷ്ട്രീയം തെരഞ്ഞെടുക്കാന്‍ നൊബേല്‍ സമിതി തീരുമാനിച്ചു എന്നും വൈറ്റ് ഹൗസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ നൊബേല്‍ പുരസ്കാരത്തെ കുറിച്ച് പ്രതികരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല. നൊബേല്‍ പുരസ്കാരത്തിന് അര്‍ഹനാണെന്ന് അന്താരാഷ്ട്ര വേദികളില്‍ ഉള്‍പ്പെടെ നേരത്തെ ട്രംപ് നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു.
വെനസ്വേലയിലെ മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊരീന മച്ചാഡോയ്ക്ക് ആണ് 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചത്. ജനാധിപത്യ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് മരീനയ്ക്ക് പുരസ്കാരം നല്‍കിയത്. നിലവില്‍ വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊരീന മച്ചാഡോ.