കേരളം

ടൗണ്‍ഷിപ്പിന് പുറത്ത് പുനരധിവാസം ആഗ്രഹിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ; ഗുണഭോക്താക്കളുടെ പട്ടിക ജനുവരി 25ന്

തിരുവനന്തപുരം : സ്ഥിരമായ പുനരധിവാസത്തിനുള്ള നിലവിലെ നിരക്ക് ഒരു കുടുംബത്തിന് 10 ലക്ഷം രൂപയാണെങ്കിലും വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ കാര്യത്തില്‍ ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതിനഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതേ തുക തന്നെ വിലങ്ങാട്ടെ പുനരധിവസിപ്പിക്കേണ്ട ദുരന്ത ബാധിതര്‍ക്കും അനുവദിക്കും. ഈ രണ്ട് ഉരുള്‍പൊട്ടലുകളുമായി ബന്ധപ്പെട്ട് മാത്രമാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസം വേണ്ട അഞ്ച് ട്രൈബല്‍ കുടുംബങ്ങള്‍ ആണ് ഉള്ളത്. അവരുടെ താല്‍പര്യപ്രകാരമുള്ള പുനരധിവാസം ഏര്‍പ്പെടുത്തും. ധനവകുപ്പ് അംഗീകരിച്ച പ്രകാരമുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഫ്രയിം വര്‍ക്ക് അംഗീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌പോണ്‍സര്‍ഷിപ് പ്രകാരം ലഭിക്കുന്ന തുക സ്വീകരിക്കുന്നതിനും അത് വയനാട് പുനരധിവാസ പദ്ധതിക്കു വേണ്ടി ഉപയോഗിക്കുന്നതിനും ഒരു ഡെഡിക്കേറ്റഡ് ബാങ്ക് അക്കൗണ്ട് തുറക്കും. വയനാട് പുനരധിവാസ പദ്ധതിക്കായി സിഎംഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സ്‌പോണ്‍സര്‍ഷിപ്, സിഎസ്ആര്‍ ഫണ്ട്, പിഡിഎന്‍എ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന കേന്ദ്ര സഹായം എന്നിവ വയനാട് ടൗണ്‍ഷിപ് പ്രൊജക്റ്റിനായി വിനിയോഗിക്കും. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് രണ്ട് ഘട്ടമായിട്ടാണെങ്കിലും പുന:രധിവാസം ഒരുമിച്ച് നടപ്പിലാക്കും.

ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമ ലിസ്റ്റ് 2025 ജനുവരി 25 നകം പുറത്തിറക്കാന്‍ കഴിയുംവിധമാണ് പ്രവര്‍ത്തനങ്ങള്‍ നീക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൂരല്‍മല- മുണ്ടക്കൈ ദുരന്തത്തെ അതി തീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ച ഔദ്യോഗിക അറിയിപ്പ് ഇക്കഴിഞ്ഞ ദിവസം ലഭിച്ചതായും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ദുരന്തത്തെ എല്‍ 3 ആയി അംഗീകരിച്ചു എന്നാണ് കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി കത്തില്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങളെ കുറിച്ചോ ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതി തള്ളുന്നതിനെ കുറിച്ചോ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും തുക ചെലവഴിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നതിനെക്കുറിച്ചോ കത്തില്‍ സൂചനകളില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button