വയനാട് ദുരന്തം : മരിച്ചവരുടെ സംസ്കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം; കണക്ക് പുറത്തുവിട്ട് സർക്കാർ
തിരുവനന്തപുരം : വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ മൃതദേഹം മറവു ചെയ്യാൻ സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 19.67 ലക്ഷം രൂപ. സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ 19,67,740 രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചത്.
കേന്ദ്രസര്‍ക്കാരിനു നല്‍കിയ മെമ്മോറാണ്ടത്തില്‍ 359 മൃതദേഹങ്ങള്‍ മറവു ചെയ്യാനുള്ള ചെലവ് 2.76 കോടി രൂപ വേണ്ടിവരുമെന്ന് സർക്കാർ എസ്റ്റിമേറ്റ് നല്‍കിയത് വലിയ വിവാദമായിരുന്നു. പിന്നാലെയാണ് സംസ്കാരത്തിന് ചിലവായ തുക സർക്കാർ പുറത്തുവിട്ടത്.
231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളും ദുരന്തബാധിത പ്രദേശത്തുനിന്നും നിലമ്പൂര്‍ താലൂക്കിലെ ചാലിയാര്‍ പുഴയുടെ ഭാഗത്തുനിന്നും കണ്ടെത്തിയതായും മന്ത്രി വ്യക്തമാക്കി. 172 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇതു ബന്ധുക്കള്‍ക്കു കൈമാറി. ആറ് മൃതദേഹങ്ങള്‍ തെറ്റായി തിരിച്ചറിഞ്ഞ് കൈമാറിയതായി ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തി. കൂടാതെ ഏഴ് ശരീരഭാഗങ്ങള്‍ മനുഷ്യന്റേതെന്ന് ഉറപ്പു വരുത്താന്‍ ഫോറന്‍സികിന് കൈമാറി . തിരിച്ചറിയാന്‍ സാധിക്കാത്ത 53 മൃതദേഹങ്ങളും 212 ശരീരഭാഗങ്ങളും സർവമത പ്രാർഥനകളോടെയും ഔപചാരിക ബഹുമതികളോടെയും പുത്തുമലയില്‍ തയാറാക്കിയ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചുവെന്നും മന്ത്രി അറിയിച്ചു.