ട്രംപ് ഒരു മാസ്റ്റർ ഷോമാൻ മാത്രം; വിമർശനവുമായി വാഷിംഗ്ടൺ പോസ്റ്റ്

വാഷിംഗ്ടൺ : യുഎസ് കോൺഗ്രസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തെ അതിരൂക്ഷമായി വിമർശിച്ച് വാഷിംഗ്ടൺ പോസ്റ്റ്. ട്രംപിന്റെ പ്രസംഗം യാഥാർഥ്യവുമായി ഒരിക്കലും ചേരാത്ത ഒരു മിഥ്യാധാരണയാണ് സൃഷ്ടിച്ചതെന്ന് പ്രമുഖ രാഷ്ട്രീയ കോളമിസ്റ്റായ കാരെൻ ടമൽറ്റി എഴുതിയ ലേഖനത്തിൽ പറയുന്നു. ട്രംപ് ഒരു മാസ്റ്റർ ഷോമാൻ മാത്രമാണെന്നും രാഷ്ട്രതന്ത്രജ്ഞൻ അല്ലെന്നും ലേഖനത്തിൽ വിമർശിക്കുന്നു.
രണ്ട് ദിവസം മുൻപ് നടത്തിയ പ്രസംഗത്തിൽ അമേരിക്കയുടെ തിരിച്ചുവരവിനാണ് ട്രംപ് ഊന്നൽ കൊടുത്തത്. അമേരിക്കൻ സ്വപ്നം എല്ലാ കാലത്തേക്കാളും വലുതും മികച്ചതുമായി ഉയർന്നുവരുന്നുവെന്ന് പ്രസംഗത്തിൽ പറയുകയുണ്ടായി. എന്നാൽ, ട്രംപ് അമേരിക്കയുടെ ഭരണം ഏറ്റടുത്തിട്ട് 50 ദിവസങ്ങൾ പോലും പിന്നിടാത്ത സാഹചര്യത്തിൽ അതൊരു വലിയ അവകാശവാദമാണെന്ന് കാരെൻ പറയുന്നു. ഇതുവരെ ട്രംപ് നേടിയത് വെല്ലുവിളികളും പ്രക്ഷുബ്ധതയും മാത്രമാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
ട്രംപിന്റെ പ്രസംഗത്തിന് പിന്നാലെ സ്റ്റോക്ക് മാർക്കറ്റ് സൂചികയായ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 670 പോയിന്റ് ഇടിഞ്ഞു. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനമാണ് ഇതിന് പിന്നിൽ. വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ, തെരഞ്ഞെടുപ്പിന് ശേഷം വിപണിയിൽ ഉണ്ടായ എല്ലാ നേട്ടങ്ങളും നഷ്ടപ്പെട്ടു. ട്രംപ് ലക്ഷ്യം വെച്ച മൂന്ന് രാജ്യങ്ങളും പ്രതികാര നടപടി പ്രഖ്യാപിച്ചു. അതായത് ഒരു വ്യാപാര യുദ്ധം വിദൂരമല്ല. ഇത് പണപ്പെരുപ്പത്തിന് കാരണമാവുകയും ലോകമെമ്പാടും സാമ്പത്തിക മാന്ദ്യത്തിന് തിരികൊളുത്തുകയും ചെയ്യും.
സാമ്പത്തികവും രാഷ്ട്രീയവുമായ ഈ മാറ്റങ്ങളുടെ ആഘാതം ട്രംപിന് വോട്ട് ചെയ്ത തൊഴിലാളിവർഗ അമേരിക്കക്കാരെയായിരിക്കും ഏറ്റവുമധികം ബാധിക്കുക. കാരണം ട്രംപ് സമ്പദ്വ്യവസ്ഥയെ ശക്തമാക്കി പണപ്പെരുപ്പം കുറയ്ക്കുമെന്ന് അവർ വിശ്വസിച്ചിരുന്നുവെന്ന് കാരെൻ വ്യക്തമാക്കുന്നു. ട്രംപിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ചിലർ ഉൾപ്പെടെ നിരവധി റിപ്പബ്ലിക്കൻമാർ ഇക്കാര്യം അംഗീകരിക്കുന്നുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ താരീഫ് കൊണ്ട് അത്തരത്തിലുള്ള ഒരു പ്രത്യഘാതങ്ങളും ഉണ്ടാകാൻ പോകുന്നില്ലെന്നാണ് ട്രംപിന്റെ നിലപാട്.
പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ ട്രംപിനെതിരെ നടത്തിയ പ്രതിഷേധങ്ങളെക്കുറിച്ചും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ട്രംപ് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുകയും ശകാരിക്കുകയും ആണ് ചെയ്തത്. പനാമ കനാൽ തിരിച്ചുപിടിക്കാനും ഗ്രീൻലാൻഡ് ‘ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ’ സ്വന്തമാക്കാനുമുള്ള തന്റെ പ്രതിജ്ഞ ട്രംപ് പ്രസംഗത്തിൽ ആവർത്തിച്ചിട്ടുണ്ട്.
ആഗോള ഇടപെടലിലൂടെയും ബഹുരാഷ്ട്ര സഖ്യങ്ങളിലൂടെയും അമേരിക്ക മുക്കാൽ നൂറ്റാണ്ട് കൊണ്ട് നിർമ്മിച്ച ഒരു ലോകക്രമത്തെ ട്രംപ് എത്രത്തോളം തകർക്കാൻ ശ്രമിക്കുന്നു എന്നതാണ് പ്രസംഗത്തിന്റെ ചുരുക്കരൂപം, ലേഖനത്തിൽ കാരെൻ ടമൽറ്റി വ്യക്തമാക്കുന്നു.