റഷ്യയിൽ ഭൂകമ്പത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

മോസ്കോ : റഷ്യയിൽ ഇന്നലെയുണ്ടായ തീവ്ര ഭൂചലനത്തിന് ശേഷം ക്ല്യൂചെവ്സ്കോയ് അഗ്നിപർവ്വതത്തിൽ പൊട്ടിത്തെറി തുടങ്ങിയെന്ന് റഷ്യൻ അക്കാദമി ഓഫ് സയൻസസ് അറിയിച്ചു. റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ ഫാർ ഈസ്റ്റേൺ ബ്രാഞ്ചിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം അഗ്നിപർവ്വതം സമുദ്രനിരപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ ഉയരത്തിൽ വരെ ചാരം പുറപ്പെടുവിച്ചു.
1952 ന് ശേഷം കംചത്കയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഇന്നലെയുണ്ടായത്. റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടകരമായ മേഖലകളിലെ തീരപ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാൻ നിവാസികളോട് അഭ്യർത്ഥിക്കുകയും കാംചത്ക, സഖാലിൻ ഒബ്ലാസ്റ്റ് എന്നീ രണ്ട് മേഖലകളിലെ സർക്കാരുകൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,850 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ല്യൂചെവ്‌സ്‌കോയ് ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ്. അന്താരാഷ്ട്ര വിമാന പാതകൾ തൊട്ടടുത്തുള്ള സ്ഥലങ്ങൾ ഒഴിവാക്കുന്നുണ്ടെങ്കിലും, സമീപത്തുള്ള വിമാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, അവാച്ചിൻസ്കി ബേയ്ക്കും പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കി നഗരത്തിനും സമീപം 7.5 വരെ തീവ്രതയുള്ള തുടർചലനങ്ങളും സുനാമിയും സമീപഭാവിയിൽ ഉണ്ടായേക്കാമെന്ന് ബുധനാഴ്ച നടന്ന യോഗത്തിന് ശേഷം ഭൂകമ്പ പ്രവചനം, ഭൂകമ്പ അപകടവും അപകടസാധ്യതയും സംബന്ധിച്ച റഷ്യൻ വിദഗ്ദ്ധ കൗൺസിൽ പ്രഖ്യാപിച്ചു.
‘അവച്ചിൻസ്കി ഉൾക്കടലിന്റെയും പസഫിക് സമുദ്രത്തിന്റെയും അതിർത്തിയിലുള്ള പ്രദേശങ്ങൾ, പ്രത്യേകിച്ച് ഖലക്റ്റിർസ്കി ബീച്ച്, ആംഗ്ലിചങ്ക കോവ്, പ്രിലിവ്നോ തടാകം, നിക്കോൾസ്കായ കുന്നിന്റെ തീരദേശ ചരിവ് തുടങ്ങിയ ജനപ്രിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ രക്ഷാപ്രവർത്തകർ ശിപാർശ ചെയ്യുന്നു.’ അവാച്ചിൻസ്കി ഉൾക്കടലിനും പസഫിക് സമുദ്രജലത്തിനും സമീപമുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നതിനെതിരെ റഷ്യൻ അടിയന്തര സാഹചര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.