വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ മദർഷിപ്
ട്രയൽ റണ്ണിന് ശേഷം തുറമുഖം കമ്മീഷൻ ചെയ്യുന്ന തീയതി അന്തിമമാക്കാനാണ് സർക്കാരിൻ്റെ തീരുമാനം.
തിരുവനന്തപുരം: ട്രയൽ റണ്ണിന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ കപ്പലിൽ ഉണ്ടാകുക രണ്ടായിരത്തോളം കണ്ടെയ്‌നറുകൾ. ലോകത്തെ തന്നെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌ക്കിന്റെ സാൻഫെർണാണ്ടോ എന്ന മദർ ഷിപ്പാണ് വിഴിഞ്ഞത്തിന്റെ ചരിത്രത്തിലെ ആദ്യ കപ്പലായി മാറുക. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്കുകപ്പലാണ് സാൻ ഫെർണാണ്ടോ . മദർഷിപ്പ് എത്തുന്നതിനു പിന്നാലെ രണ്ടു കപ്പലുകൾ കൂടിയെത്തുമെന്ന് വിവരം.
ആദ്യ കപ്പലിൽ നിന്നും എത്തുന്ന കണ്ടെയ്നറുകൾ രാജ്യത്തിന്റെ വിവിധ തുറമുഖത്തേക്ക് കൊണ്ടുപോകുന്നതിനാണ് രണ്ട് കപ്പലുകൾ എത്തുന്നത്. മാറിൻ അജൂർ, സീസ്പാൻ സാന്റോസ് എന്നീ രണ്ട് ഫീഡർ കപ്പലുകളാണ് എത്തുന്നതെന്നാണ് അറിയുന്നത്. ഇതിനുപിന്നാലെ അടുത്ത രണ്ട് മാസവും ലോകോത്തര കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് വന്നുപോകും. അധികം വൈകാതെ ഓണക്കാലത്ത് കമ്മിഷനിങ്ങും നടക്കും. ചൈനയിലെ ഷിയാമെൻ തുറമുഖത്തുനിന്നു പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പലിലെ മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും.
കണ്ടെയ്നറുകൾ തുറമുഖത്തെ യാർഡിലേക്ക് അൺലോഡ് ചെയ്യുന്നതടക്കമാണ് ട്രയൽ റണ്ണിൽ ഉൾപ്പെടുക. കേരളീയർക്ക് ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖം സമർപ്പിക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ പദ്ധതി. ട്രയൽ റണ്ണിന് ശേഷം തുറമുഖം കമ്മീഷൻ ചെയ്യുന്ന തീയതി അന്തിമമാക്കാനാണ് സർക്കാരിൻ്റെ തീരുമാനം. വിഴിഞ്ഞം തുറമുഖത്തിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ മദർഷിപ്പ് നങ്കൂരമിടും. രാജ്യത്ത് ഒരു തുറമുഖത്തിന് ഇത്രയുമടുത്ത് മദർ ഷിപ്പിന് നങ്കൂരമിടാൻ സാധിക്കുന്നത് വിഴിഞ്ഞത്ത് മാത്രമാണ്. കൊച്ചി തുറമുഖത്തുനിന്ന് 72 നോട്ടിക്കൽ മൈൽ അകലെയാണ് മദർ ഷിപ്പുകൾക്ക് നങ്കൂരമിടാനാകുക.