വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും.
തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്‌സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിര്‍മ്മിച്ച പുതിയ പോര്‍ട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ചു നടക്കും. ഏതാണ്ട് 10000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്തിന്റെ വാര്‍ഷിക ശേഷി 15 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും.
ബെര്‍ത്ത് നിലവിലുള്ള 800 മീറ്ററില്‍ നിന്ന് 2000 മീറ്റര്‍ ആയി വികസിപ്പിക്കും. ബ്രേക്ക് വാട്ടര്‍ 3 കിലോമീറ്ററില്‍ നിന്ന് 4 കിലോമീറ്റര്‍ ആയി വികസിപ്പിക്കും. ഇതിനു പുറമെ റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 24ന് വൈകിട്ട് മൂന്നു മണി മുതല്‍ പൊതുജനങ്ങള്‍ വേദിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കും. പ്രവേശനത്തിന് പ്രത്യേക പാസ് ഏര്‍പ്പെടുത്തിയിട്ടില്ല.
വിഴിഞ്ഞം തുറമുഖത്തിന്റെ തുടര്‍ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഏതാണ്ട് 9700 കോടിയുടെ നിക്ഷേപമാണ് കേരള തീരത്തേക്ക് വരുന്നതെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. 2028 ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടുകൂടി പടുകൂറ്റന്‍ കപ്പലുകള്‍ക്ക് നിഷ്പ്രയാസം വിഴിഞ്ഞത്ത് വന്നു പോകാന്‍ സാധിക്കും . ചരക്കു ഗതാഗതത്തിന്റെ ട്രാന്‍സ്ഷിപ്പ് ഹബ്ബായി വിഴിഞ്ഞം മാറും. ഇതോടൊപ്പം വഴി തുറക്കുന്നത് അനന്തമായ തൊഴില്‍ സാധ്യതകള്‍ കൂടിയാണ്. ഏതാണ്ട് 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നാണ് മാരീ ടൈം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതായത് കേരളത്തിന്റെ ഭാവി തൊഴില്‍ ശക്തിയായ ജെന്‍സി തലമുറയെ കാത്തിരിക്കുന്നത് വന്‍ തൊഴിലവസരങ്ങളാണ്.
ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട് പാക്കിങ് മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വരെ തൊഴിലവസരങ്ങള്‍ വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് ലഭ്യമായി തുടങ്ങും. ലോജിസ്റ്റിക്സ് മേഖലയില്‍ പ്ലസ് ടു മുതല്‍ എംബിഎക്കാര്‍ക്ക് വരെ വിവിധ തരത്തിലുള്ള തൊഴിലവസരങ്ങളുണ്ട്. കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്കു വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന ഫ്രൈറ്റ് ഫോര്‍വേഡ് സ്ഥാപനങ്ങളും പ്രദേശത്ത് നിലയുറപ്പിക്കും. ലോജിസ്റ്റിക് മാനേജ്മെന്റ്, സപ്ലൈ ചെയ്യിന്‍ മാനേജ്മെന്റ്, മാരിടൈം എന്‍ജിനീയറിങ്, ഷിപ് ബില്‍ഡിങ് ഡിപ്ലോമ/ഡിഗ്രി, മെക്കാനിക്കല്‍ ഓട്ടോമൊബീല്‍, ഐടി, കംപ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിങ് മുതലായവ പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുറമുഖവുമായി ബന്ധപ്പെട്ട് ഒട്ടേറെ തൊഴിലവസരങ്ങള്‍ ലഭിക്കും. ഇംപോര്‍ട് & എക്സ്പോര്‍ട് ബില്ലുകള്‍, കസ്റ്റമറുമായുള്ള പണമിടപാടുകള്‍ തുടങ്ങിയവ നിയന്ത്രിക്കേണ്ടതിനാല്‍ കോമേഴ്‌സ് പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കും ജോലി ഉറപ്പാണ്. കേരളത്തിന്റെ വരും തലമുറയ്ക്ക് വലിയ തൊഴിലവസരങ്ങളാണ് വിഴിഞ്ഞം തുറമുഖം തുറന്നിടുന്നത്.



