കേരളം

സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തി; വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട് : സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നല്ലേപ്പള്ളി യുപി സ്‌കൂളിലെ അധ്യാപകരെയാണ് വിഎച്ച്പി പ്രവര്‍ത്തകരുടെ സംഘം ഭീഷണിപ്പെടുത്തിയത്.

സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോള്‍ നടത്തുമ്പോഴാണ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവര്‍ അസഭ്യം പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ആയിരുന്നെങ്കില്‍ നിങ്ങള്‍ ഇത്തരത്തില്‍ ആഘോഷം നടത്തുമായിരുന്നോയെന്നും ഇതിനുമുമ്പ് ആഘോഷിച്ചിട്ടുണ്ടോയെന്നും ചോദിച്ചായിരുന്നു അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. കുട്ടികളെ നിര്‍ബന്ധിച്ച് വിളിച്ചുവരുത്തി ആഘോഷിക്കുന്നത് എന്തിനാണെന്നും, ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ കുട്ടികളെ ധരിപ്പിച്ചത് എന്തിനാണെന്നുമാണ് അവര്‍ അധ്യാപകരെ ചോദ്യം ചെയ്തത്.

സംഭവത്തില്‍ മൂന്നുപേരാണ് അറസ്റ്റിലായത്. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ. അനില്‍കുമാര്‍, മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍, തെക്കുമുറി വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുത്തു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ അസഭ്യം പറഞ്ഞു, അതിക്രമിച്ചു കയറല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസ്.

എന്നാല്‍, സ്‌കൂളില്‍ എത്തിയ ആളുകളെ മുന്‍പ് കണ്ട് പരിചയം പോലുമില്ലെന്നാണ് അധ്യപകര്‍ പറഞ്ഞത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപിക പൊലീസ് പരാതി നല്‍കുകയായിരിന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരാണെന്ന് തിരിച്ചറിയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button