അന്തർദേശീയം

വാങ്കൂവർ- ഡൽഹി എയർ ഇന്ത്യ പൈലറ്റ് ജോലിക്കെത്തിയത്ത് മദ്യപിച്ച്; രണ്ടുമണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

വാങ്കൂവർ : മദ്യപിച്ച് ജോലിക്കെത്തിയ എയർ ഇന്ത്യ പൈലറ്റിനെ വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചു. കാനഡയിലെ വാങ്കൂവർ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയത്. ഡിസംബർ 23-ന് വാങ്കൂവർ വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്.

വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ഒരു ജീവനക്കാരൻ നൽകിയ വിവരത്തെത്തുടർന്നാണ് പൈലറ്റിനെതിരെ നടപടി ഉണ്ടായത്. പൈലറ്റ് മദ്യം കഴിക്കുന്നത് കണ്ടെന്ന് ഇയാൾ വിമാനത്താവള അധികൃതർക്ക് മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ. തുടർന്ന് അധികൃതർ പൈലറ്റിനെ ബ്രീത്ത് അനലൈസർ ടെസ്റ്റിന് വിധേയനാക്കുകയും അതിൽ ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് തെളിയുകയായിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനായി മേലുദ്യോഗസ്ഥർ ഇയാളെ വിളിപ്പിക്കുകയായിരുന്നു. സംഭവത്തിൽ എയർ ഇന്ത്യ കോക്പിറ്റ് ക്രൂവിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് ഏവിയേഷൻ റെഗുലേറ്റർ ആവശ്യപ്പെട്ടിരിക്കുന്നത്.

പൈലറ്റിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെത്തുടർന്ന് വാങ്കൂവറിൽ നിന്ന് ഡൽഹിയിലേക്കുള്ള AI186 വിമാനം രണ്ടുമണിക്കൂറുകളോളം വൈകി. പകരം മറ്റൊരു പൈലറ്റിനെ നിയോഗിച്ചതിനുശേഷമാണ് വിമാനം സർവീസ് നടത്തിയത്.

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കുറ്റാരോപിതനായ പൈലറ്റിനെ ജോലികളിൽനിന്നും താത്ക്കാലികമായി മാറ്റിനിർത്തിയിരിക്കുകയാണ്. എയർ ഇന്ത്യയുടെ ചട്ടങ്ങൾ ലംഘിച്ചതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ പൈലറ്റിനെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. വിമാനത്തിന്റെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും ഇത്തരം നിയമലംഘനങ്ങളിൽ കടുത്ത നടപടിയുണ്ടാകുമെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button