യുഎസ് പൗരന്മാർ അല്ലാത്തവർ നാട്ടിലേക്ക് അയക്കുന്ന പണത്തിന് 5% നികുതി; ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്ക് വൻതിരിച്ചടി

വാഷിങ്ടൺ ഡിസി : യു.എസ്. പൗരന്മാർ അല്ലാത്തവർ, യു.എസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേൽ അഞ്ചുശതമാനം നികുതി ഏർപ്പെടുത്തുന്ന ബില്ലിന് അംഗീകാരം നൽകി യു.എസ് ബജറ്റ് കമ്മിറ്റി. ബില്‍ ഉടനെ യു.എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചേക്കും. ബില്‍ പാസായാല്‍ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്ക് നാട്ടിലേക്ക് പണം അയക്കുന്നത് കൂടുതൽ ചെലവേറിയതായി മാറും.
നോൺ-ഇമ്മിഗ്രന്റ് വിസ ഉടമകൾ ഉൾപ്പെടെയുള്ള യു.എസ്. പൗരന്മാരല്ലാത്തവർ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണ കൈമാറ്റങ്ങൾക്കും അഞ്ചു ശതമാനം നികുതി ചുമത്താനുള്ള നിർദ്ദേശമാണ് ബില്ലിലുള്ളത്. എച്ച്-1ബി പോലുള്ള നോണ്‍-ഇമിഗ്രന്റ് വിസ ഉടമകളും ഗ്രീന്‍ കാര്‍ഡ് ഉടമകളും ഉള്‍പ്പെടെയുള്ള യുഎസ് പൗരന്മാരല്ലാത്ത വ്യക്തികള്‍ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണമിടപാടുകള്‍ക്കും 5 ശതമാനം നികുതി ചുമത്താന്‍ നിര്‍ദ്ദേശിക്കുന്ന ബില്ലാണ് കൊണ്ടുവരുന്നത്.
നികുതി ചുമത്താനുള്ള ചുരുങ്ങിയ തുക ബില്ലിൽ പറയുന്നില്ല. അതിനാൽ ചെറിയ തുകയുടെ കൈമാറ്റങ്ങൾക്ക് പോലും നികുതി ബാധകമാകുമെന്നാണ് വിവരം. അമേരിക്കയിൽ താമസിക്കുന്ന ഏകദേശം 45 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാർക്ക് ഈ നിയമം വലിയ സാമ്പത്തിക പ്രഹരമായേക്കാമെന്നാണ് റിപ്പോർട്ട്. നിക്ഷേപ വരുമാനം അല്ലെങ്കിൽ സ്റ്റോക്ക് ഓപ്ഷനുകളിൽ നിന്നുള്ള വരുമാനം എന്നിവ കൈമാറ്റം ചെയ്യുന്നതിനെയും ഇത് ബാധിക്കും.