ഭാര്യയുടെ വേരുകൾ ഇന്ത്യയിൽ നിന്ന്, ട്രംപിന്റെ വൈസ് പ്രസിഡന്റ് ജെഡി വാൻസിനും ഇന്ത്യൻ ബന്ധം
യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിന്റെ ക്യാമ്പ് പ്രഖ്യാപിച്ച ജെഡി വാന്‍സിനും ഇന്ത്യന്‍ ബന്ധം. ഇന്ത്യന്‍ വംശജയായ ഉഷ ചിലുകുരിയാണ് വാന്‍സിന്റെ ഭാര്യ. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് കവനോവ് കോടതിയിലെ അറ്റോര്‍ണിയായ ഉഷ.
യേല്‍ ലോ സ്‌കൂളില്‍ വെച്ചാണ് ഉഷയും ജെഡി വാന്‍സും ആദ്യമായി കണ്ടുമുട്ടിയത്. 2014 ല്‍ കെന്റക്കിയില്‍ വച്ച് വിവാഹിതരായ ദമ്പതികള്‍ക്ക് ഒരുമിച്ച് മൂന്ന് കുട്ടികളുണ്ട്.ഒഹായോ സെനറ്റ് സീറ്റ് തെരഞ്ഞെടുപ്പില്‍ അടക്കം പലവട്ടം പൊതുവേദികളില്‍ വാന്‍സിനൊപ്പം പ്രത്യക്ഷപ്പെട്ട ഉഷ ഇന്ത്യന്‍ കുടിയേറ്റക്കാരുമായി മികച്ച ബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ്. കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയില്‍ ജനിച്ചു വളര്‍ന്ന ഉഷ യേല്‍ ജേണല്‍ ഓഫ് ലോ ആന്‍ഡ് ടെക്‌നോളജിയുടെ മാനേജിംഗ് എഡിറ്ററായും ദി യേല്‍ ലോ ജേണലിന്റെ എക്‌സിക്യൂട്ടീവ് ഡെവലപ്മെന്റ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേംബ്രിഡ്ജില്‍ ഗേറ്റ്‌സ് ഫെല്ലോ ആയി പഠനം നടത്തിയ അവര്‍ 2014 ല്‍ രജിസ്റ്റര്‍ ചെയ്ത ഡെമോക്രാറ്റാണ്.