‘തീരുവ യുദ്ധ’ത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍; നടപടി ഒരു മാസത്തേക്കു നിര്‍ത്തിവച്ച് ട്രംപ്
വാഷിങ്ടണ്‍ : കാനഡയ്ക്കും മെക്സിക്കോയ്ക്കുമെതിരെ ഇറക്കുമതി തീരുവ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് ഒരു മാസത്തേക്ക് നിര്‍ത്തിവെച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമും പ്രസിഡന്റ് ട്രംപുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ഒരു മാസത്തേക്ക് നടപടിയുണ്ടാകില്ലെന്ന് ട്രംപ് അറിയിച്ചു.
അതിര്‍ത്തി സുരക്ഷ മെച്ചപ്പെടുത്താന്‍ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ട്രംപ് പറഞ്ഞു. അതിര്‍ത്തി വഴിയുള്ള മയക്കുമരുന്ന് കടത്തും, അനധികൃത കുടിയേറ്റവും തടയാന്‍ ഇരു രാജ്യങ്ങളും ഒന്നും ചെയ്യുന്നില്ല. പ്രസിഡന്റ് എന്ന നിലയില്‍, എല്ലാ അമേരിക്കക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്, അതാണ് ചെയ്യുന്നത്. വരുന്ന ഒരുമാസത്തിനിടെ മെക്്സിക്കോയും കാനഡയുമായി മെച്ചപ്പെട്ട കരാര്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രംപുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ, അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അറിയിച്ചു. അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്താനായി 1.3 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ പദ്ധതി നടപ്പാക്കുമെന്ന് ട്രൂഡോ വ്യക്തമാക്കി. അമേരിക്കയിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റം തടയാന്‍ മെക്സിക്കോ അതിര്‍ത്തിയില്‍ 10,000 സൈനികരെ വിന്യസിക്കുമെന്ന് പ്രസിഡന്റ് ക്ലോഡിയ അറിയിച്ചു.
മെക്സിക്കോയിലേക്ക് യുഎസില്‍ നിന്ന് തോക്കുകടത്തുന്നതു തടയാന്‍ നടപടിയെടുക്കാമെന്ന് ട്രംപ് ഉറപ്പുനല്‍കിയെന്നും മെക്സിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. അനധികൃത കുടിയേറ്റം, മയക്കുമരുന്നു കടത്ത് എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് അയല്‍ രാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനം ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ ശനിയാഴ്ചയാണ് ട്രംപ് ഒപ്പിട്ടത്. 10 ശതമാനം അധികത്തീരുവ ചൈനയ്ക്കും ഏര്‍പ്പെടുത്തിയിരുന്നു.