അന്തർദേശീയം

എച്ച് 1-ബി വിസ ഫീസ്‌ വർധിപ്പിച്ചതിനെതിരെ യുഎസ് സംസ്ഥാനങ്ങൾ കോടതിയിൽ

വാഷിങ്ടൺ ഡിസി : പുതിയ എച്ച്1-ബി വിസ അപേക്ഷകൾക്കുള്ള ഫീസ് 100,000 ഡോളറായി വർധിപ്പിച്ച ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പത്തൊൻപത് യുഎസ് സംസ്ഥാനങ്ങൾ ചേർന്ന് കേസ് ഫയൽ ചെയ്തു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന മേഖലകളിലെ തൊഴിലാളി ക്ഷാമം ചൂണ്ടികാട്ടിയാണ് കേസ്.

നിയമപരമായ അധികാരമോ നടപടിക്രമങ്ങളോ ഇല്ലാതെയാണ് വിസ ഫീസിൽ വൻതോതിലുള്ള വർധനവ് വരുത്തിയതെന്ന് പരാതിയിൽ ചൂണ്ടികാണിക്കുന്നു. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസും മറ്റ് 18 സംസ്ഥാന അറ്റോർണി ജനറലുകളും ചേർന്നുള്ള സഖ്യമാണ് പരാതിപ്പെട്ടത്. മസാച്യുസെറ്റ്സ് ഡിസ്ട്രിക്റ്റിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ്.

എച്ച1-ബി വിസ പ്രോഗ്രാം ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ പ്രൊഫഷണലുകളെ യുഎസിൽ താൽക്കാലികമായി ജോലി ചെയ്യാൻ അനുവദിക്കുന്നു. ഇത് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് ഇന്ത്യൻ പൗരന്മാരാണ്.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, മറ്റ് മേഖലകൾ എന്നിങ്ങനെ ഇടങ്ങളിൽ അവശ്യ സേവനങ്ങൾ നൽകുന്നതിന് ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന തൊഴിലുടമകൾക്ക് ഭീമൻ ഫീസ് താങ്ങാനാവില്ല. ഇത് എച്ച് വൺ വിസപദ്ധതി തന്നെ അപ്രാപ്യമാക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് സഖ്യം പരാതിയിൽ പറയുന്നു.

പുതിയ ഫീസ് നിയമവിരുദ്ധമാണ് എന്നും കോൺഗ്രസിന്റെ അംഗീകാരമോ ആവശ്യമായ നിയമനിർമ്മാണ പ്രക്രിയയോ ഇല്ലാതെയാണ് ഇത് ചുമത്തിയിരിക്കുന്നതെന്നും ഈ നീക്കം അഡ്മിനിസ്ട്രേറ്റീവ് പ്രൊസീജ്യർ ആക്റ്റിനെയും ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്റ്റിനെയും ലംഘിക്കുന്നുവെന്നും അറ്റോർണി ജനറൽ വാദിച്ചു.

അരിസോണ, കാലിഫോർണിയ, കൊളറാഡോ, കണക്റ്റിക്കട്ട്, ഡെലവെയർ, ഹവായ്, ഇല്ലിനോയിസ്, മേരിലാൻഡ്, മസാച്യുസെറ്റ്സ്, മിഷിഗൺ, മിനസോട്ട, നോർത്ത് കരോലിന, ന്യൂജേഴ്‌സി, ഒറിഗോൺ, റോഡ് ഐലൻഡ്, വെർമോണ്ട്, വാഷിംഗ്ടൺ, വിസ്കോൺസിൻ എന്നിവിടങ്ങളിലെ അറ്റോർണി ജനറൽമാരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.

ന്യൂയോർക്കിൽ മാത്രം ആരോഗ്യ പരിപാലന തൊഴിലാളികളിൽ മൂന്നിലൊന്നിൽ കൂടുതൽ പേരും കുടിയേറ്റക്കാരാണ്. പൊതു സർവകലാശാലകളും ആശുപത്രികളും എച്ച്1-ബി പ്രൊഫഷണലുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നതെന്നും പരാതി ഓർമ്മപ്പെടുത്തുന്നു.

ന്യൂയോർക്കിലെ ആശുപത്രികൾ ഇതിനകം തന്നെ വ്യാപകമായ നഴ്‌സിംഗ് ക്ഷാമം നേരിടുന്നു. 2030 ആകുമ്പോഴേക്കും ഇത് 40,000 നഴ്‌സുമാർ എന്ന വലയി വിടവിൽ എത്തുമെന്ന് കണക്കാക്കപ്പെടുന്നു.

രാജ്യവ്യാപകമായി 2036 ആകുമ്പോഴേക്കും യുഎസ് 86,000 ഫിസിഷ്യൻമാരുടെ കുറവ് നേരിടേണ്ടിവരുമെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ കണക്കാക്കുന്നു.

യുഎസിലുടനീളം, കുറഞ്ഞത് 930 കോളേജുകളും സർവകലാശാലകളും എച്ച്1-ബി വിസകളിൽ ജീവനക്കാരെ നിയമിക്കുന്നുണ്ട്.

1950-കൾ മുതൽ, വിദഗ്ധ തൊഴിലാളികൾക്ക് അമേരിക്കയിൽ താൽക്കാലികമായി താമസിക്കാനും പ്രത്യേക മേഖലകളിൽ ജോലി ചെയ്യാനും അനുവദിക്കുന്ന വിസ പ്രോഗ്രാം യുഎസിൽ നിലവിലുണ്ട്. H-1B പ്രോഗ്രാമിന്റെ നിലവിലെ പതിപ്പ് 1990-കളിൽ സൃഷ്ടിക്കപ്പെട്ടതാണ്. തൊഴിലുടമകൾക്ക് പരമാവധി ആറ് വർഷത്തേക്ക് ഒരു “സ്പെഷ്യാലിറ്റി തൊഴിലിൽ” തൊഴിലാളികളെ നിയമിക്കാൻ ഇത് അനുമതി നൽകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button