അന്തർദേശീയം

ഇത് പുതുതലമുറയുടെ ശബ്ദം കേള്‍ക്കേണ്ട സമയം

പ്രസിഡന്റ് ഇലക്ഷനിൽ നിന്നും പിന്മാറിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് ബൈഡൻ

വാഷിങ്ടണ്‍: പുതിയ തലമുറക്ക് അവസരം നല്‍കി രാജ്യത്തെ ഒന്നിപ്പിക്കാനാണ് രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതെ മാറിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പ്രസിഡന്റ് മത്സരത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹം ആദ്യമായാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്. പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നുള്ള ബൈഡന്റെ പിൻവാങ്ങൽ, ട്രംപിൻ്റെ പ്രചാരണത്തില്‍ മേല്‍ക്കോയ്മ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പ്രായം പറഞ്ഞുള്ള വിമര്‍ശനങ്ങള്‍ക്ക് ഇനി മുതിര്‍ന്നേക്കില്ല. ഇപ്പോൾ 78 കാരനായ ട്രംപാണ് യു.എസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥി.

”പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ കൈമാറുക എന്നതാണ് ഏറ്റവും നല്ല വഴിയെന്ന് ഞാൻ തീരുമാനിച്ചു. അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. പൊതുജീവിതത്തിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. എന്നാലിപ്പോള്‍ പുതുതലമുറയുടെ ശബ്ദം കേള്‍ക്കേണ്ട സമയമാണ്”- ബൈഡന്‍ പറഞ്ഞു.”രാജ്യം നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്തവണ നമ്മളെടുക്കുന്ന തീരുമാനങ്ങൾ രാജ്യത്തിന്റെ ഗതി നിർണയിക്കും. രാജ്യം മുന്നോട്ട് പോകണോ പിന്നോട്ട് പോകണോയെന്ന് നമ്മൾ തീരുമാനിക്കണം. വെറുപ്പും വിഭജനവും വേണോ അതോ പ്രതീക്ഷയും ഐക്യവും വേണോ എന്ന് തീരുമാനിക്കണം”- ബൈഡന്‍ വ്യക്തമാക്കി.പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പിന്മാറിയതോടെ ശേഷിക്കുന്ന കാലയളവിൽ ഉഴപ്പുമെന്ന വിമർശനങ്ങൾക്കും ബൈഡൻ മറുപടി നൽകി. പ്രസിഡണ്ട് എന്ന നിലയിൽ വരുന്ന ആറ് മാസം തന്റെ ജോലിയില്‍ ശ്രദ്ധ പതിപ്പിക്കുമെന്നായിരുന്നു ബൈഡന്റെ മറുപടി. കുടുംബ ചെലവുകള്‍ കുറയ്ക്കും. ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഉൾപ്പെടെയുള്ള സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കാനും താൻ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നിൽക്കെയായിരുന്നു തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാനുളള ബൈഡന്റെ തീരുമാനം. മത്സരത്തിൽ നിന്ന് പിന്മാറാൻ ബൈഡന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ തന്നെ പതറിയതോടെ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറണമെന്ന്  ഡെമോക്രാറ്റുകൾ തന്നെ ആവശ്യപ്പെട്ടിരുന്നു. പ്രായാധിക്യം ബൈഡന് വലിയ തിരിച്ചടിയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button