ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കുമേല്‍ ഉടന്‍ തന്നെ റെസിപ്രോക്കല്‍ താരിഫ് ചുമത്തും : ട്രംപ്

വാഷിങ്ടണ്‍ : ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കുമേല്‍ ഉടന്‍ തന്നെ ‘പകരത്തിനു പകരം തീരുവ’ (റെസിപ്രോക്കല്‍ താരിഫ്) ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഈ രാജ്യങ്ങള്‍ ചുമത്തുന്ന അതേ തീരുവകള്‍ യുഎസും ഈടാക്കുമെന്ന് ട്രംപ് പറഞ്ഞു. ”ഞങ്ങള്‍ ഉടന്‍ തന്നെ പകരത്തിനു പകരം തീരുവകള്‍ ഏര്‍പ്പെടുത്തും. അവര്‍ ഞങ്ങളില്‍നിന്നു തീരുവകള്‍ ഈടാക്കുന്നു, ഞങ്ങള്‍ അവരില്‍നിന്നും. ഇന്ത്യയോ ചൈനയോ പോലുള്ള രാജ്യമോ അല്ലെങ്കില്‍ ഒരു കമ്പനിയോ എന്ത് ഈടാക്കിയാലും ഇക്കാര്യത്തില്‍ ഞങ്ങള്‍ നീതി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു”- ട്രംപ് പറഞ്ഞു.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കു മുമ്പ് ഇന്ത്യയുടെ അമിത തീരുവകളെക്കുറിച്ച് ട്രംപ് ആശങ്ക ഉന്നയിച്ചിരുന്നു. ഇന്ത്യ ഈടാക്കുന്നത് ഉയര്‍ന്ന നിരക്കിലുള്ള തീരുവകളാണെന്നും അവിടെ വ്യാപാരം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും ട്രംപ് ആരോപിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്കും പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടെന്നു ഞാന്‍ കരുതുന്നു. എന്നാല്‍ അമിത തീരുവകള്‍ കാരണം ഇന്ത്യ ബിസിനസ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള സ്ഥലമാണ്. അവര്‍ക്ക് ഏറ്റവും ഉയര്‍ന്ന തീരുവകളാണ് ഉള്ളത്. അദ്ദേഹം ഒരു കമ്പനി നടത്തുന്നതുകൊണ്ടാകാം കൂടിക്കാഴ്ച നടത്തിയതെന്നാണ് താന്‍ കരുതുന്നതെന്നും മോദി-മസ്ക് കൂടിക്കാഴ്ചയെക്കുറിച്ച് ട്രംപ് പറഞ്ഞു.