അന്തർദേശീയം

നിയമവിരുദ്ധ കുടിയേറ്റക്കാ‍ക്ക് സ്വമേധയാ അമേരിക്ക വിടാൻ 1,000 ഡോളർ ഓഫറുമായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ : സ്വന്തം ഇഷ്ടപ്രകാരം അമേരിക്ക വിട്ടുപോകാൻ താത്പര്യപ്പെടുന്ന കുടിയേറ്റക്കാർക്ക് യാത്രാ ചെലവുകൾക്കായി 1,000 ഡോളർ വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. യുഎസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) തിങ്കളാഴ്ചയാണ് ഇത് പ്രഖ്യാപിച്ചത്. നിയമപരമായ അനുമതിയില്ലാതെ യുഎസിൽ താമസിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വെക്കാനും നാടുകടത്താനും ഏകദേശം 17,000 ഡോളർ ചെലവ് വരും. ഈ സാഹചര്യത്തിൽ സ്വമേധയാ രാജ്യം വിട്ടുപോകുന്നതിന് ചെറിയ തുക നൽകുകയും യാത്രാ ചെലവുകൾ വഹിക്കുകയും ചെയ്യുന്നത് വളരെ കുറഞ്ഞ ചെലവുള്ള കാര്യമാണെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്.

‘നിങ്ങൾ ഇവിടെ നിയമവിരുദ്ധമായി താമസിക്കുകയാണെങ്കിൽ, അറസ്റ്റ് ഒഴിവാക്കാൻ അമേരിക്കയിൽ നിന്ന് പുറത്തുപോകാനുള്ള ഏറ്റവും നല്ലതും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗം സ്വയം നാടുകടത്തൽ ആണ്’ – ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പ്രസ്താവനയിൽ പറഞ്ഞു. ജനുവരി 20ന് അധികാരമേറ്റതിനുശേഷം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് 152,000 ആളുകളെ നാടുകടത്തിയെന്നാണ് കണക്കുകൾ.

മുൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകാലത്ത് കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഏപ്രിൽ വരെ നാടുകടത്തിയ 195,000 പേരെക്കാൾ കുറവാണിത്. ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ ബൈഡൻ ഭരണകൂടത്തിന്‍റെ കാലത്തേക്കാൾ കുറഞ്ഞ ആളുകളെ മാത്രമേ അദ്ദേഹത്തിന് നാടുകടത്താൻ സാധിച്ചിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്.

കൂടുതൽ ആളുകളെ സ്വയം നാടുകടത്താൻ പ്രോത്സാഹിപ്പിക്കുന്നതിനായി, ട്രംപ് ഭരണകൂടം മറ്റ് നടപടികളും സ്വീകരിച്ചിട്ടുണ്ട്. കനത്ത പിഴകൾ ചുമത്തി ഭീഷണിപ്പെടുത്തുക, നിയമപരമായ പദവികൾ എടുത്തുകളയാൻ ശ്രമിക്കുക, ഗ്വാണ്ടനാമോ ബേയിലെയും എൽ സാൽവഡോറിലെയും കുപ്രസിദ്ധമായ ജയിലുകളിലേക്ക് കുടിയേറ്റക്കാരെ നാടുകടത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button