അന്തർദേശീയം

വിജ്ഞാപനം പുറപ്പെടുവിച്ചു; യുഎസ് ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50 ശതമാനം തീരുവ ഇന്നുമുതല്‍

വാഷിങ്ടണ്‍ ഡിസി : റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍. നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം 25 ശതമാനം അധിക തീരുവ കൂടി ചേരുമ്പോള്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും.

അധിക തീരുവ സംബന്ധിച്ച് യുഎസ് ആഭ്യന്തര സുരക്ഷാ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. യുഎസ് സമയം ബുധനാഴ്ച അര്‍ധരാത്രി 12.01-നുശേഷം (ഇന്ത്യന്‍ സമയം പകല്‍ ഒന്‍പത് മണി) അവിടത്തെ വിപണിയിലെത്തുന്നതും സംഭരണശാലകളില്‍ നിന്ന് യുഎസ് വിപണികളിലേക്ക് പുറപ്പെടുന്നതുമായ ഇന്ത്യന്‍ ചരക്കുകള്‍ക്ക് പിഴച്ചുങ്കം ബാധകമാകുമെന്നാണ് അറിയിപ്പ്.

ഓഗസ്റ്റ് 27 മുതൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കാണ് 50 ശതമാനം തീരുവ ബാധകമാകുന്നത്. നിലവിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത ഉൽപന്നങ്ങൾ സെപ്റ്റംബർ 16നകം യുഎസിൽ എത്തണം. അല്ലാത്തപക്ഷം, സെപ്റ്റംബർ 17 മുതൽ അവയ്ക്കും 50 ശതമാനം തീരുവ ബാധകമായിരിക്കും.

പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്ക ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറും. സ്വിറ്റ്സര്‍ലന്‍ഡ് 39 ശതമാനം, കാനഡ 35 ശതമാനം, ചൈന, ദക്ഷിണാഫ്രിക്ക 30 ശതമാനം, മെക്സിക്കോ 25 ശതമാനം എന്നീ രാജ്യങ്ങളാണ് ഉയര്‍ന്ന തീരുവ പട്ടികയില്‍ തൊട്ടുപിന്നാലെയുള്ളത്.

തുന്നിയ വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ചെമ്മീന്‍, തുകലുത്പന്നങ്ങള്‍, ചെരിപ്പ്, മൃഗങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, വൈദ്യുത-മെക്കാനിക്കല്‍ യന്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിയെയാണ് തീരുവ വര്‍ധന കൂടുതല്‍ ബാധിക്കുക. റഷ്യയില്‍ നിന്ന് എണ്ണയും പടക്കോപ്പുകളും വാങ്ങി യുക്രൈന്‍ യുദ്ധത്തിനു സഹായംചെയ്യുന്നു എന്നാരോപിച്ച് ഈ മാസം ഏഴിനാണ് ഇന്ത്യക്ക് ട്രംപ് 25 ശതമാനം പിഴച്ചുങ്കം പ്രഖ്യാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button