അന്തർദേശീയം

യുഎസ് ഭരണ സ്തംഭനത്തിലേക്ക്; അടച്ചുപൂട്ടലിന് സാധ്യതയെന്ന് ട്രംപ്

വാഷിങ്ടണ്‍ ഡിസി : ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാര്‍ഷിക ഫണ്ടിങ് ബില്ലുകള്‍ യുഎസ് കോണ്‍ഗ്രസില്‍ പാസാകാത്ത സാഹചര്യത്തില്‍ അമേരിക്ക ഭരണ സ്തംഭനത്തിലേക്ക്. യുഎസില്‍ സാമ്പത്തികവര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിന് മുന്‍പ് ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ വകുപ്പുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും. ഇതോടെ അത്യാവശ്യ സേവനങ്ങള്‍ ഒഴികെയുള്ളവയെല്ലാം നിര്‍ത്താന്‍ യുഎസ് സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്ന ഷട്ട്ഡൗണ്‍ സാഹചര്യം ഉടലെടുത്തേക്കും.

ആറ് വര്‍ഷത്തിനിടയിലെ ആദ്യത്തെ അടച്ചുപൂട്ടലിലേക്കാണ് അമേരിക്കന്‍ സര്‍ക്കാര്‍ നീങ്ങിയിരിക്കുന്നത്. യുഎസ് കോണ്‍ഗ്രസില്‍ വാര്‍ഷിക ഫണ്ടിങ് ബില്ലുകള്‍ പാസാക്കുന്നത് സംബന്ധിച്ച് ഡെമോക്രാറ്റുകളും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള വാക്കുതര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ വന്നതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. ഒക്ടോബര്‍ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കാനിരിക്കേ, സര്‍ക്കാരിന് ധനസഹായം നല്‍കുന്നതില്‍ ചൊവ്വാഴ്ചയും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തമ്മില്‍ സമവായത്തില്‍ എത്തിയില്ല. പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ട്രംപിന്റെ അംഗീകാരം നേടി ബില്‍ പാസാക്കാന്‍ കഴിയുന്ന ഓപ്ഷന്‍ സ്വീകരിക്കുന്നതിന് ആവശ്യമായ പരിമിതമായ ഡെമോക്രാറ്റുകളുടെ വോട്ടുകള്‍ പോലും നേടിയെടുക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

‘ഒരുപക്ഷേ നമുക്ക് ഒരു ഷട്ട്ഡൗണ്‍ ഉണ്ടാകും,’- വോട്ടെടുപ്പിന് മുമ്പ് ഓവല്‍ ഓഫീസില്‍ പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ചകള്‍ സ്തംഭിച്ചതിന് ഡെമോക്രാറ്റുകളെ ട്രംപ് കുറ്റപ്പെടുത്തി. ‘അപ്പോള്‍ ഞങ്ങള്‍ വളരെയധികം ആളുകളെ പിരിച്ചുവിടും, അവരെ ഇത് വളരെയധികം ബാധിക്കും. അവര്‍ ഡെമോക്രാറ്റുകളാണ്, അവര്‍ ഡെമോക്രാറ്റുകളായിരിക്കും,’- ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഷട്ട്ഡൗണ്‍ സാഹചര്യമുണ്ടായാല്‍ തന്റെ സര്‍ക്കാരിന് തിരിച്ചുപോക്കില്ലാത്ത മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. 1981 ന് ശേഷമുള്ള 15-ാം ഷട്ട്ഡൗണിലേക്കാണു യുഎസ് നീങ്ങുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്നു വിശേഷിപ്പിക്കുന്നത്. ഷട്ട്ഡൗണ്‍ ഒഴിവാക്കാനായി പ്രതിപക്ഷവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ചര്‍ച്ച വിജയം കണ്ടിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button