ജാതി വിവേചനത്തിനെതിരെ നടപടി : കാലിഫോർണിയ സർക്കാറിന്റെ അധികാരം ശരിവെച്ച് യുഎസ് ഫെഡറൽ കോടതി

ന്യൂയോര്‍ക്ക് : ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോർണിയ സർക്കാരിന്റെ അധികാരം ശരിവച്ച് യുഎസ് ഫെഡറൽ കോടതി .
കാലിഫോർണിയയിലെ കിഴക്കൻ ജില്ലയ്ക്കുള്ള യുഎസ് ജില്ലാ കോടതിയുടെതാണ് സുപ്രധാന വിധി. ജാതി വിവേചനത്തിനെതിരെ നടപടിയെടിക്കാനുള്ള കാലിഫോർണിയ പൗരാവകാശ വകുപ്പിന്റെ അധികാരം അമേരിക്കയിലെ ഹിന്ദുക്കളുടെ മതപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ആരോപിച്ച് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനാണ്(എച്ച്എഎഫ് ) കോടതിയെ സമീപിച്ചത്.
കേസുമായി മുന്നോട്ടുപോകുന്നതിന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന് മതിയായ വാദങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞത്. ജാതി, ഹിന്ദുമതത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന് അവകാശപ്പെടുമ്പോൾ തന്നെ, ജാതി അടിസ്ഥാനമാക്കിയുള്ള സംരക്ഷണങ്ങൾ മതപരമായ അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് അവകാശപ്പെടുന്നതിലെ പൊള്ളത്തരമാണ് കോടതി പ്രധാനമായും ചൂണ്ടിക്കാണിച്ചത്. എല്ലാ ഹിന്ദു അമേരിക്കക്കാരെയും പ്രതിനിധീകരിക്കുന്നുവെന്ന എച്ച്എഎഫിന്റെ വാദവും കോടതി നിരസിച്ചു.
അതേസമയം വിധിയെ സ്വാഗതം ചെയ്ത കാലിഫോർണിയ ആസ്ഥാനമായുള്ള ജാതി വിരുദ്ധ സാമൂഹിക നീതി സംഘടനയായ അംബേദ്കർ കിംഗ് സ്റ്റഡി സർക്കിൾ (എകെഎസ്‌സി), നിയമപരമായ വിജയം മാത്രമല്ലിതെന്നും പൗരാവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള വലിയ വിജയമാണെന്നും വിശേഷിപ്പിച്ചു. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതിനുള്ള കാലിഫോർണിയ സംസ്ഥാനത്തിന്റെ നിയമപരമായ ഉത്തരവിനെ ഈ തീരുമാനം ഉറപ്പിക്കുന്നുണ്ടെന്നും എകെഎസ്‌സി വ്യക്തമാക്കി.