പഹല്‍ഗാം ഭീകരാക്രമണം : ടിആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍ ഡിസി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടി ആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ ഉപവിഭാഗമായാണ് ടിആര്‍എഫ് അറിയപ്പെടുന്നത്.
ടിആര്‍എഫിനെ ഒരു വിദേശ ഭീകര സംഘടനയായും ആഗോള ആഗോള ഭീകര പട്ടികയില്‍ ചേര്‍ത്തതായും റൂബിയോ വ്യക്തമാക്കി. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 219, എക്സിക്യുട്ടീവ് ഓര്‍ഡര്‍ 13224 എന്നിവ പ്രകാരം ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉള്‍പ്പെടുത്തിയതായി റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്.
കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ല,്കര്‍ ഇ തയ്ബയുടെ ഉപവിഭാഗമായി പ്രവര്‍ത്തിക്കുന്ന ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുക്കുകയായിരുന്നു. കശ്മീര്‍ റെസിസ്റ്റന്‍സ് എന്ന പേരിലും സംഘടന അറിയപ്പെടുന്നുണ്ട്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം സിവിലിയന്മാര്‍ക്ക് നേരെയുണ്ടാകുന്ന ഏറ്റവും നീചമായ ആക്രമണമായിരുന്നു പഹല്‍ഗാം ഭീകരാക്രമണമെന്നും യുഎസ് അധികൃതര്‍ സൂചിപ്പിച്ചു.