യുഎസ് പൗരാവകാശ പ്രക്ഷോഭകന് ജെസ്സി എല്‍ ജാക്സൺ വിടവാങ്ങി

ഷിക്കോഗോ : മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ പിൻഗാമിയായ് വാഴ്ത്തപ്പെട്ട അമേരിക്കന്‍ പൗരാവകാശ പ്രക്ഷോഭകന് ജെസ്സി എല്‍ ജാക്സൺ (84) വിടവാങ്ങി. അമേരിക്കയിലെ വംശീയ വിവേചനത്തിനെതിരെ അഹിംസാമാര്‍ഗത്തിലൂടെ പ്രക്ഷോഭംനയിച്ച കിങ് കൊല്ലപ്പെട്ടശേഷം പതിറ്റാണ്ടുകളോളം അമേരിക്കയിലെ പൗരാവകാശ പ്രസ്ഥാനത്തെ നയിച്ചത് റവറന്റ് ജെസ്സി ജാക്സൺ ആയിരുന്നു.
എട്ടുവര്‍ഷത്തോളമായി പാർക്കിൻസൺസ് രോഗത്തിന് ചികിത്സയിലാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും വോട്ടവകാശം, തൊഴിലവകാശം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയ്ക്കായി അമേരിക്കയ്ക്ക് പുറത്തും പോരാട്ടങ്ങള്‍ നയിച്ചു. 2000ൽ യുഎസ് പ്രസിഡന്റ് മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചു.
സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെയില്‍1941 ഒക്ടോബർ എട്ടിനായിരുന്നു ജനനം. നാട്ടിലെ ലൈബ്രറിയിൽ കറുത്ത വംശജർക്ക് പുസ്തകം വായിക്കാൻ നൽകില്ലെന്ന ചട്ടത്തെചോദ്യം ചെയ്താണ് പൊതുപ്രവർത്തനരംഗത്ത് എത്തിയത്. 1965ഓടെ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിനൊപ്പം പ്രക്ഷോഭരംഗത്തെത്തി. കറുത്തവംശജര്‍ക്കായി ഉയര്‍ത്തിയ ശക്തമായ മുദ്രാവാക്യങ്ങള്‍ അദ്ദേഹത്തിന്റെ ജനപ്രീതി ഉയര്‍ത്തി. പുരോഹിതൻ കൂടിയായിരുന്ന ജെസ്സി ജാക്സൺ 1983ലും 1988ലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. മൃതദേഹം ഷിക്കാഗോയിൽ പൊതുദർശനത്തിന് വയ്ക്കും. ജാക്വലിനാണ് ഭാര്യ. ആറുമക്കളുണ്ട്.



