ജി20 ഉച്ചകോടിക്ക് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കം; ബഹിഷ്കരിച്ച് അമേരിക്ക

ജോഹന്നാസ്ബെർഗ് : ഇരുപതാമത് ജി20 ഉച്ചകോടിക്ക് ഇന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബെർഗിൽ തുടക്കമാകും. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടക്കുന്ന ആദ്യ ജി20 ഉച്ചകോടിയാണ് ഇത്. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയിൽ വികസ്വരരാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുതൽ ഭക്ഷ്യസുരക്ഷയും കാലാവസ്ഥാ വ്യതിയാനവും ചർച്ചയാകും.
‘ഐക്യം, സമത്വം, സുസ്ഥിരത’ എന്നതാണ് ഈ വർഷത്തെ ജി20-യുടെ പ്രമേയം. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, അസമത്വം കുറയ്ക്കുക, വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുക, വികസ്വര രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും കടഭാരവും ലഘൂകരിക്കുന്നതിനുള്ള ആഗോള പരിഷ്കാരങ്ങൾ, വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി കൂടുതൽ ധനസഹായം, ആഗോള ഭക്ഷ്യ-ഊർജ്ജ സുരക്ഷാ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ ചർച്ചയാകും.
ദക്ഷിണാഫ്രിക്കയിൽ ന്യൂനപക്ഷമായ വെള്ളക്കാർ വംശീയമായി പീഡിപ്പിക്കപ്പെടുന്നുവെന്നാരോപിച്ച് അമേരിക്ക ജി20 ഉച്ചകോടി ബഹിഷ്കരിച്ചിരിക്കുകയാണ്. അമേരിക്ക പങ്കെടുക്കാത്തതിനാൽ ഉച്ചകോടിയിൽ ഒരു പ്രഖ്യാപനവും ഔദ്യോഗികമായി അംഗീകരിക്കരുതെന്ന് അമേരിക്ക നിർദ്ദേശം നൽകിയിരുന്നുവെങ്കിലും ഉച്ചകോടിയിൽ പ്രഖ്യാപനമുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത ഉച്ചകോടി അമേരിക്കയിലായതിനാൽ അമേരിക്കൻ എംബസി പ്രതിനിധി ഔപചാരിക വേദി കൈമാറ്റ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, കാനഡ പ്രധാനമന്ത്രി മാർക് കാർണി, ജർമ്മൻ ചാൻസലർ ഫെഡറിക് മെർസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയാ മെലോനി, ജപ്പാൻ പ്രധാനമന്ത്രി സനൈ തകൈച്ചി, സൗദി കിരീടാവകാശി മുഹമ്മദ് ബിൽ സൽമാൻ, ആസ്ട്രലിയ പ്രധാനമന്ത്രി ആന്റണി ആൽബനീസ് തുടങ്ങിയ പ്രമുഖർ ജി 20-യിൽ പങ്കെടുക്കുന്നുണ്ട്. ആഫ്രിക്കൻ യൂണിയന്റെ ‘അജണ്ട 2063’മായി ചേർന്ന് ആഫ്രിക്കൻ വികസനത്തിന് ജി 20-യിൽ പിന്തുണ നേടാൻ ദക്ഷിണാഫ്രിക്ക ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജോഹന്നാസ്ബർഗിൽ എത്തി. ഗൗട്ടെങ്ങിലെ വാട്ടർക്ലൂഫ് വ്യോമസേനത്താവളത്തിൽ എത്തിയ മോദിക്ക് പരമ്പരാഗത സ്വീകരണം നൽകിയാണ് സ്വീകരിച്ചത്.



