മുട്ട ക്ഷാമം : ഫിൻലാൻഡിന് പിന്നാലെ ലിത്വാനിയയെ സമീപിച്ച് ട്രംപ്

വാഷിങ്ടൺ : മുട്ട ക്ഷാമം രൂക്ഷമായതോടെ ഫിൻലാൻഡിന് പിന്നാലെ ലിത്വാനിയയെ സമീപിച്ച് അമേരിക്ക. ഫിൻലൻഡിന് പുറമെ ഡെൻമാർക്ക്, സ്വീഡൻ, നെതർലൻഡ്‌സ് രാജ്യങ്ങളെ മുട്ടയ്ക്കായി അമേരിക്ക സമീപിച്ചിരുന്നതായി ഡാനിഷ് മാസികയായ അഗ്രിവാച്ചിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെ ആവശ്യം ഫിൻലാൻഡ് നേരത്തെ തന്നെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുട്ട കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് അമേരിക്ക ലിത്വാനിയയെ സമീപിച്ചത്. വാഴ്സോയിലെ യുഎസ് എംബസി മുട്ട കയറ്റുമതി സാധ്യതകളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നും ലിത്വാനിയൻ കമ്പനികളുടെ മേധാവികളുമായി ഒരു കൂടിക്കാഴ്ച നടത്തിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നാണ് അമേരിക്കൻ വിപണിയിൽ കടുത്ത മുട്ട ക്ഷാമം അനുഭവപ്പെട്ടത്. വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 200 ശതമാനം ഉയർന്നു. ഒരു ഡസന്‍ മുട്ടക്ക് എക്കാലത്തെയും ഉയർന്ന നിരക്കായ 8.41ഡോളറിലെത്തിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.
അമേരിക്കൻ കോൺഗ്രസിനെ ആദ്യമായി അഭിസംബോധന ചെയ്തപ്പോൾ മുട്ട വില നിയന്ത്രിക്കുമെന്നും വേണ്ടത് ചെയ്യുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ബൈഡനാണ് മുട്ട വില വര്‍ധിക്കാൻ കാരണമെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. അയല്‍രാജ്യങ്ങള്‍ അമേരിക്കയ്ക്ക് മുട്ട നല്‍കാന്‍ വിസമ്മതിക്കുന്നത് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശനയത്തിലെ പോരായ്മകള്‍ കൊണ്ടാണെന്ന വിമർശനം ശക്തമായി ഉയരുന്നുണ്ട്.