മെലിസ ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങൾ ഉള്ളിൽക്കടന്ന് ചിത്രീകരിച്ച് യു.എസ് എയർക്രാഫ്റ്റ്

വാഷിങ്ടൺ ഡിസി : യു.എസിൽ ആഞ്ഞടിച്ച ശക്തമായ ചുഴലിക്കാറ്റ് മെലിസയുടെ ദൃശ്യങ്ങൾ അതിനുള്ളിൽ കടന്ന് ചെന്ന് പകർത്തി യു.എസ് എയർക്രാഫ്റ്റ്. യു.എസ് നാഷനൽ ഹരികെയ്ൻ സെന്‍ററിന് വേണ്ടി ചുഴലിക്കാറ്റിന്‍റെ വിവരങ്ങൾ ശേഖരിക്കുന്നതിന് യു.എസ് വ്യോമ സേനയാണ് ഉദ്യമം നടത്തിയത്.
സൂര്യോദയത്തിന് തൊട്ടു പിന്നാലെ തെക്ക് കിഴക്ക് ഭാഗത്ത് നിന്ന് മഴ മേഘങ്ങൾക്കിടയിലൂടെ എയർക്രാഫ്റ്റ് പ്രവേശിക്കുകയും ശക്തമായ വായു ചുഴിയിലൂടെ പറക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ എയർഫോഴ്സ് പുറത്തുവിട്ടു. എക്സിൽ പങ്ക് വെച്ച വിഡിയോ ദൃശ്യങ്ങളിൽ ഒന്നിൽ ചുഴലിക്കാറ്റിന്‍റെ ഭിത്തി ഉയരം കൂടി പുറത്തേക്ക് വളയുന്നത് കാണാം. മറ്റൊരു വിഡിയോയിൽ മേഘച്ചുഴിയിൽ പ്രവേശിക്കുമ്പോൾ മിന്നൽ പിണറുകൾ ഉണ്ടാകുന്ന ദൃശ്യങ്ങളും സേന പങ്ക വെച്ചിട്ടുണ്ട്.
1851നു ശേഷം ജമൈക്കയിലുണ്ടാകുന്ന ആദ്യത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് മെലിസ എന്നാണ് നാഷനൽ ഹരികെയ്ൻ സെന്‍റർ റിപ്പോർട്ട് ചെയ്യുന്നത്. ചുഴലിക്കാറ്റിനോടനുബന്ധിച്ച് 800 ദുരന്ത നിവാരണ കേന്ദ്രങ്ങൾ തുറക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട് ജമൈക്ക. ഹെയ്തി, ഡൊമിനിക്കൻ റിപബ്ലിക്ക് എന്നിവയടങ്ങുന്ന കരീബിയൻ മേഖലകളിൽ 7 പേർ മരിച്ചതായാണ് റിപ്പോർട്ട്. മണിക്കൂറിൽ 282 കിലോ മീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്.



