യൂറോപ്യൻ യൂണിയൻ വാർത്തകൾ

യൂറോപ്പിൽ ആശങ്കപടർത്തി അജ്ഞാത ഡ്രോണുകള്‍

ലണ്ടണ്‍ : റഷ്യ- യുക്രൈന്‍ യുദ്ധം മൂന്നുവര്‍ഷത്തോളമായി തുടരുന്നതിനിടെ യുദ്ധത്തിന്റെ ഗതിമാറ്റിമറിച്ചത് ഡ്രോണുകളുടെ വ്യാപകമായ ഉപയോഗമാണ്. റഷ്യയില്‍ നിന്ന് ദിനംപ്രതി നൂറുകണക്കിന് ഡ്രോണുകളാണ് യുക്രൈനില്‍ ആക്രമണം നടത്തുന്നത്. എന്നാലിപ്പോള്‍ യുദ്ധഭീതി യൂറോപ്പിലേക്കും പടരുകയാണ്. പടിഞ്ഞാറന്‍ യൂറോപ്പിലെ പ്രധാനപ്പെട്ട സൈനിക താവളങ്ങളിലും വൈദ്യുതി നിലയങ്ങള്‍ പോലുള്ള തന്ത്രപ്രധാന അടിസ്ഥാന സൗകര്യ കേന്ദ്രങ്ങളിലും ഡ്രോണുകളുടെ സാന്നിധ്യം ആവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ യൂറോപ്പില്‍ ആശങ്കപരന്നുതുടങ്ങിയതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ആയുധം വഹിച്ചെത്തുന്ന ഡ്രോണുകളല്ലായെങ്കിലും യുക്രൈനെ സഹായിക്കുന്ന നാറ്റോ അംഗരാജ്യങ്ങളുടെ പ്രതിരോധ ശേഷി പരിശോധിക്കാനുള്ള റഷ്യയുടെ ഹൈബ്രിഡ് യുദ്ധതന്ത്രമാണിതെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് യുക്രൈനോട് ചേര്‍ന്നുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ഡ്രോണുകള്‍ എത്തിത്തുടങ്ങിയത്. സെപ്റ്റംബര്‍ 9 ന്, ഏകദേശം 20 റഷ്യന്‍ ഡ്രോണുകള്‍ പോളണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇവയെ വെടിവെച്ചിടുകയായിരുന്നു. യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഒരു നാറ്റോ അംഗരാജ്യത്തിന് നേരെയുണ്ടായ ഏറ്റവും ഗൗരവമേറിയ അതിര്‍ത്തി ലംഘനമായിരുന്നു അത്.

ഇതിന് പിന്നാലെ ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ജര്‍മ്മനി, ലിത്വാനിയ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ സംശയാസ്പദമായ രീതിയില്‍ ഡ്രോണുകള്‍ എത്തിയത് ശ്രദ്ധയില്‍പെട്ടതോടെയാണ് റഷ്യയുടെ യുദ്ധതന്ത്രമാണിതെന്ന വിലയിരുത്തലുണ്ടായത്. എവിടെനിന്ന് വന്നവയാണെന്ന് വ്യക്തമല്ലാത്ത, എന്നാല്‍ സൈനിക കേന്ദ്രങ്ങള്‍ക്കും വിമാനങ്ങള്‍ക്കും സുരക്ഷാഭീഷണി ഉയര്‍ത്തുന്ന ഇത്തരം ഡ്രോണുകള്‍ വലിയ ആശങ്കയാണ് യൂറോപ്പിലുണ്ടാക്കിയിരിക്കുന്നത്.

ഡ്രോണുകളെ തടയാനായി ബാള്‍ട്ടിക് രാജ്യങ്ങള്‍ മുതല്‍ കരിങ്കടല്‍ വരെ വ്യാപിക്കുന്ന ഒരു സംയോജിതവും ഏകോപിതവുമായ ബഹുതല പ്രതിരോധ സംവിധാനമൊരുക്കാനുള്ള ആലോചന നടക്കുന്നുണ്ട്. റഡാറുകള്‍, സെന്‍സറുകള്‍, ജാമിംഗ്, ആയുധ സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ച് ഡ്രോണുകളെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും നശിപ്പിക്കാനും ലക്ഷ്യമിടുന്ന ഡ്രോണ്‍ മതില്‍ പദ്ധതിയാണ് നാറ്റോ ലക്ഷ്യമിടുന്നത്. 2027 അവസാനത്തോടെ പുതിയ ഡ്രോണ്‍ വിരുദ്ധ സംവിധാനം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കാനാണ് ശ്രമിക്കുന്നത്. റഷ്യയുമായി ഏറ്റവും അടുത്തുള്ള പോളണ്ട്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് ഇത് വേഗത്തില്‍ വിന്യസിക്കാന്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്.

എന്നാല്‍ ഇത് വളരെ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതാണ് നാറ്റോ രാജ്യങ്ങളെ ആശങ്കയിലാക്കുന്നത്. ഡ്രോണുകളെ തടയുന്നതിനേക്കാള്‍ അവ എത്തുന്നതെവിടെ നിന്നാണ് എന്ന് കണ്ടെത്തി പ്രതിരോധിക്കുന്നതാണ് നല്ലതെന്ന വാദമുണ്ടെങ്കിലും റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഇത് നയിക്കാനുള്ള സാധ്യതയുണ്ട്. റഷ്യയുമായുള്ള യുദ്ധത്തിലേക്ക് വരാതെ യുക്രെയ്നിനെ പ്രതിരോധിക്കാന്‍ സഹായിക്കുക എന്നതാണ് യുഎസ് നേതൃത്വത്തിലുള്ള നാറ്റോയുടെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button