മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം
തൊടുപുഴ : ഇടുക്കി മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ തേക്കിന്‍കൂപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരാണ് പായയില്‍ കെട്ടിയ നിലയില്‍ മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കോട്ടയം മേലുകാവ് പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട മിസിങ് കേസുമായി ബന്ധപ്പെട്ട ആളാണോ മരിച്ചയാള്‍ എന്ന സംശയം പൊലീസിന് ഉണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നും പൊലീസ് പറയുന്നു. കൊലപാതക സാധ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കുമെന്നും പൊലീസ് പറയുന്നു.