അന്തർദേശീയം
ആർഎസ്എഫ് സുഡാനിലെ അഭയാർഥി ക്യാംപിൽ 1,000 പേരെ വധിച്ചു : യുഎൻ

ജനീവ : ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനിൽ വിമതസേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) കഴിഞ്ഞ ഏപ്രിലിൽ അഭയാർഥിക്യാംപിൽ ആയിരത്തിലേറെപ്പേരെ കൂട്ടക്കൊല ചെയ്തെന്ന് റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശവിഭാഗമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കൂട്ടക്കൊലയും ക്രൂരപീഡനങ്ങളും അതിജീവിച്ചവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു യുഎൻ റിപ്പോർട്ട് തയാറാക്കിയത്.
ഏപ്രിൽ 11–13 തീയതികളിൽ ഡാഫോറിലെ സംസം ക്യാംപിൽ നടത്തിയ കൂട്ടക്കൊലയ്ക്കു മാസങ്ങൾക്കുമുൻപേ ഇവിടേക്കുള്ള ഭക്ഷണവിതരണം വിമതസേന തടഞ്ഞിരുന്നതായും കണ്ടെത്തി. ആഭ്യന്തരയുദ്ധത്തിൽ പലായനം ചെയ്ത 5 ലക്ഷത്തോളം പേരാണ് ക്യാംപിൽ അഭയം തേടിയിരുന്നത്. സുഡാനിൽ സർക്കാർസേനയും വിമതസേനയും തമ്മിൽ 2 വർഷത്തിലേറെയായി നടക്കുന്ന രൂക്ഷയുദ്ധത്തിൽ 40,000 പേരെങ്കിലും കൊല്ലപ്പെട്ടു. പട്ടിണിയും വ്യാപകമാണ്.



