ഇസ്രായേൽ ആക്രമണം : ഇന്ത്യക്കാരനായ യുഎൻ ഉദ്യോഗസ്ഥൻ ഗാസയിൽ കൊല്ലപ്പെട്ടു
ഗാസ : ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഐക്യരാഷ്ട്രസഭക്കുവേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനത്തിനുനേർക്ക് റഫയിൽവെച്ച് ആക്രമണമുണ്ടാകുകയായിരുന്നു. യുണൈറ്റഡ് നാഷൻസ് ഡിപാർട്മെന്‍റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി (ഡി.എസ്.എസ്) സ്റ്റാഫ് അംഗമായ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മുൻ ഇന്ത്യൻ സൈനികനാണ് കൊല്ലപ്പെട്ടതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിൽ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തെക്കൻ ഗസ്സയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് യു.എൻ ഉദ്യോഗസ്ഥരുടെ സംഘം ആക്രമണത്തിനിരയായത്. ഐക്യരാഷ്ട്രസഭയുടേത് എന്നടയാളപ്പെടുത്തിയ വാഹനത്തിൽ സഞ്ചരിച്ചിട്ടും ഇസ്രായേൽ സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഇസ്രായേൽ ആക്രമണം ആരംഭിച്ച ശേഷം കൊല്ലപ്പെടുന്ന മറ്റൊരു രാജ്യത്തെ ആദ്യ യു.എൻ ഉദ്യോഗസ്ഥനാണിത്. സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. സജീവ പോരാട്ട മേഖലയായി പ്രഖ്യാപിച്ച സ്ഥലത്താണ് സംഭവം നടന്നതെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.