വിദേശ പഠനം ആഗ്രഹിക്കുന്നവർക്ക് 19 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് യുകെ ലീഡ്സ് സർവകലാശാല

ലീഡ്സ് : അക്കാദമിക് വർഷമായ 2026ൽ പ്രവേശനം നേടുന്ന പ്രതിഭാധനരായ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി ലീഡ്സ് സർവകലാശാല ഇന്‍റർനാഷണൽ എക്സലൻസ് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. ബിരുദ, ബിരുദാനന്തര പഠനം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകാനാണ് ഈ സ്കോളർഷിപ്പുകൾ ലക്ഷ്യമിടുന്നത്. മൊത്തം 500 സ്കോളർഷിപ്പുകളാണ് യോഗ്യരായ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി ലഭ്യമാക്കിയിട്ടുള്ളത്. ഗ്രാന്‍റുകൾക്ക് 3,000 പൗണ്ട് (ഏകദേശം 3.53 ലക്ഷം രൂപ), 6,000 പൗണ്ട് (ഏകദേശം 7.06 ലക്ഷം രൂപ), 16,000 പൗണ്ട് (ഏകദേശം 18.83 ലക്ഷം രൂപ) എന്നിങ്ങനെയാണ് മൂല്യം നിശ്ചയിച്ചിരിക്കുന്നത്. മികച്ച അക്കാദമിക് പ്രകടനം, നേതൃപാടവം, ശ്രദ്ധേയമായ നേട്ടങ്ങൾ, തിരഞ്ഞെടുത്ത പഠനമേഖലയിൽ ഗണ്യമായ സംഭാവന നൽകാനുള്ള കഴിവ് എന്നിവ തെളിയിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ അവാർഡുകൾ ലഭിക്കുക.
യോഗ്യത മാനദണ്ഡങ്ങൾ
അപേക്ഷകർ അന്താരാഷ്ട്ര ഫീസ് അടയ്ക്കുന്ന വിദ്യാർത്ഥികളായിരിക്കണം. 2026 സെപ്റ്റംബറിൽ ആരംഭിക്കുന്ന മാസ്റ്റേഴ്സ് ബിരുദത്തിന് (എംആർഇഎസ് ഉൾപ്പെടെ) കണ്ടീഷണൽ അല്ലെങ്കിൽ അൺകണ്ടീഷണൽ ഓഫർ ഉണ്ടായിരിക്കണം. ലീഡ്സ് എംബിഎ അല്ലെങ്കിൽ ഓൺലൈൻ കോഴ്സുകൾക്ക് ഈ സ്കോളർഷിപ്പ് ബാധകമല്ല.
ഈ സ്കോളർഷിപ്പുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തികച്ചും മെറിറ്റ് അടിസ്ഥാനത്തിൽ മത്സരാധിഷ്ഠിതമായിരിക്കും. അപേക്ഷകൾ രണ്ട് റൗണ്ടുകളിലായാണ് സ്വീകരിക്കുന്നത്.
ഒന്നാം റൗണ്ട്: 2026 ഫെബ്രുവരി 27 ന് വൈകുന്നേരം അഞ്ച് വരെ അപേക്ഷകൾ സമര്‍പ്പിക്കാം. ഫലം 2026 മാർച്ച് 27-ന് പ്രഖ്യാപിക്കും.
രണ്ടാം റൗണ്ട്: 2026 മെയ് 15 ന് വൈകുന്നേരം നാല് വരെ അപേക്ഷകൾ സമര്‍പ്പിക്കാം. ഫലം 2026 ജൂൺ 12-ന് പ്രഖ്യാപിക്കും.
വിദ്യാർത്ഥികൾ ആദ്യം അവർ തിരഞ്ഞെടുക്കുന്ന മാസ്റ്റേഴ്സ് കോഴ്സിന് അപേക്ഷിച്ച ശേഷം മാത്രമേ ഓൺലൈൻ സ്കോളർഷിപ്പ് ഫോം സമർപ്പിക്കാൻ പാടുള്ളൂ. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് 2026ൽ, ലീഡ്സ് സർവകലാശാല 118-ാം സ്ഥാനത്താണ് ഇടം നേടിയത്. കഴിഞ്ഞ വർഷങ്ങളിൽ ലീഡ്സ് സർവകലാശാല തുടർച്ചയായി റാങ്കിംഗിൽ മെച്ചപ്പെട്ടു വരുന്നുണ്ട്. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് ലീഡ്സ് സർവകലാശാലയുടെ ഈ സ്കോളർഷിപ്പ് ഒരു മികച്ച അവസരമാണ്. കൂടുതൽ വിവരങ്ങൾക്ക് വിദ്യാർത്ഥികൾ ഔദ്യോഗിക സ്കോളർഷിപ്പ് വെബ്സൈറ്റ് പരിശോധിക്കേണ്ടതാണ്.