റഷ്യക്കെതിരെ പോരാടാൻ ബിഎംഡബ്ല്യു 7 സീരിസ് കാറിനെ റോക്കറ്റ് ലോഞ്ചറാക്കി യുക്രൈൻ

കീവ് : ആഡംബര കാറിനെ യുദ്ധവാഹനമാക്കി മാറ്റി യുക്രൈൻ. റഷ്യയുമായി നാലുവർഷമായി തുടരുന്ന യുദ്ധത്തിനിടെയാണ് യുക്രൈന്റെ പുതിയ നീക്കം. ആഡംബര കാറായ ബിഎംഡബ്ല്യു 7-സീരീസിനെ (BMW 7-Series) ആണ് യുക്രൈൻ സൈന്യം യുദ്ധക്കളത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. കാറിൽ റോക്കറ്റ് ലോഞ്ചർ സംവിധാനം ഘടിപ്പിച്ചാണ് യുക്രൈന്റെ പരീക്ഷണം. പരമ്പരാഗത ആയുധങ്ങൾക്ക് പകരം യുദ്ധത്തിൽ റഷ്യയും യുക്രൈനും നിരവധി സംവിധാനങ്ങൾ പരീക്ഷിക്കുന്നുണ്ട്. ഇതിൽ പുതിയതാണ് ബിഎംഡബ്ല്യ കാറിനെ റോക്കറ്റ് ലോഞ്ചറാക്കി മാറ്റിയത്. വർഷങ്ങളായി തുടരുന്ന യുദ്ധത്തിൽ പിടിച്ചുനിൽക്കുന്നുണ്ടെങ്കിലും കടുത്ത ഉപകരണ ക്ഷാമമാണ് യുക്രൈൻ നേരിടുന്നത്. യുദ്ധോപകരണ വിതരണ ശൃംഖലയിലുണ്ടാക്കിയ വിള്ളലിനെത്തുടർന്നാണ് താത്കാലിക സംവിധാനമായി ആഡംബര കാറിനെ യുദ്ധക്കളത്തിലേക്ക് കൊണ്ടുവരാൻ യുക്രൈൻ നിർബന്ധിതരായത്.
ഉപകരണങ്ങളുടെ ക്ഷാമത്തിൽ നിന്നാണ് ഇത്തരമൊരു ആശയം പിറന്നതെങ്കിലും അതുണ്ടാക്കിയ പ്രയോജനങ്ങൾ അത്ഭുതകരമാണ്. സാധാരണയായി കനത്ത പരമ്പരാഗത പീരങ്കികളെ ആശ്രയിക്കുന്നതിനുപകരം, റഷ്യൻ ഡ്രോണുകളിൽ നിന്നും കൗണ്ടർ-ബാറ്ററി ഫയറിൽ നിന്നും രക്ഷപ്പെടാനായി ശത്രു ലക്ഷ്യങ്ങളിലേക്ക് റോക്കറ്റുകൾ വിക്ഷേപിക്കാനായാണ് കാറിനെ ഉപയോഗിക്കുന്നത്. പരിഷ്‌ക്കരിച്ച ഈ സിവിൽ വാഹനത്തെ യുക്രെയ്‌നിലെ 114-ാമത് ടെറിട്ടോറിയൽ ഡിഫൻസ് ബ്രിഗേഡാണ് യുദ്ധമുന്നണിയിലേക്ക് എത്തിച്ചത്. റഷ്യൻ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനായി വാഹനത്തിൽ ഗ്രേ-ഗ്രീൻ പെയിന്റടിച്ചിട്ടുണ്ട്.
കാറിന്റെ പിറകിൽ മേൽക്കൂരയോട് ചേർന്നാണ് റോക്കറ്റ് ലോഞ്ചർ ഘടിപ്പിച്ചിരിക്കുന്നത്. ഭാരമേറിയ ലോഞ്ചർ ഉയർത്തുന്ന സമയത്ത് കാറിന്റെ സ്ഥിരത നിലനിർത്തുന്നതിനായി പ്രത്യേകം സപ്പോർട്ടിങ് സംവിധാനവുമുണ്ട്. ഇതിനായി കാറിന്റെ ഫ്രെയിമിൽ പ്രത്യേകം കാലുകൾ ഘടിപ്പിച്ചിട്ടുണ്ട്. ലോഞ്ചർ ഉയർത്തുന്ന സമയത്ത് ഇവ ഭൂമിയിൽ ഉറച്ച് നിന്ന് കാറിന്റെ ബാലൻസ് നഷ്ടപ്പെടുന്നത് തടയും. മുമ്പ് പിക്കപ്പ് ട്രക്കുകളിലും ചെറുവാഹനങ്ങളിലും ചെറിയ റോക്കറ്റ് ലോഞ്ചറുകൾ ഘടിപ്പിച്ച് യുക്രൈൻ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇൻഫൻട്രി യൂണിറ്റുകൾക്ക് ഹ്രസ്വ-ദൂര ആക്രമണങ്ങൾക്കുള്ള സഹായം നൽകുന്നതിനായാണ് ഈ നീക്കം. യുദ്ധമുന്നണിയിൽ പെട്ടെന്നുള്ള നീക്കങ്ങൾക്ക് ഇത് വളരെ സഹായകമായിരുന്നു. സാധാരണയായി ഇത്തരം നീക്കങ്ങൾക്ക് ടൊയോട്ട ഹൈലക്‌സ് പോലുള്ള ഉറപ്പുള്ള പിക്കപ്പ് ട്രക്കുകളാണ് ഉപയോഗിക്കാറുള്ളത്. ഇതിൽ നിന്ന് വ്യത്യസ്തമായി ആഡംബര കാറുകളെയും ഈ രീതിയിലേക്ക് മാറ്റിയിരിക്കുകയാണ് യുക്രൈൻ.



