യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുദ്ധവിമാനത്തിന് നേരെ ലേസര്‍ ആക്രമണം; റഷ്യയ്‌ക്കെതിരെ സൈനിക നടപടികള്‍ കൈക്കൊള്ളുമെന്ന് യുകെ

ലണ്ടന്‍ : റഷ്യയുടെ ചാരക്കപ്പലായ ‘യാന്തര്‍’ (Yantar) ബ്രിട്ടീഷ് വ്യോമസേനാ പൈലറ്റുമാര്‍ക്ക് നേരെ ലേസര്‍ രശ്മി പ്രയോഗിച്ചതായി യു.കെ. സ്‌കോട്ട്‌ലന്‍ഡിന് വടക്ക് ബ്രിട്ടീഷ് സമുദ്രാതിര്‍ത്തിക്കടുത്ത് വെച്ചാണ് റഷ്യന്‍ കപ്പലില്‍ നിന്നുള്ള നടപടിയുണ്ടായതെന്ന് യു,കെ ആരോപിച്ചു. സ്ഥിതിഗതികള്‍ വഷളാക്കുകയാണെങ്കില്‍ സൈനിക നടപടികള്‍ക്ക് തയ്യാറാകുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി യാന്തര്‍ ബ്രിട്ടന്റെ പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്നുണ്ട്. കപ്പലിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന റോയല്‍ എയര്‍ഫോഴ്‌സ് പൈലറ്റുമാര്‍ക്ക് നേരെ ലേസര്‍ രശ്മി പ്രയോഗിച്ചത് സ്ഥിതിഗതികള്‍ വഷളാകുന്നതിന്റെ സൂചനയാണെന്നാണ് യു.കെയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

‘ഞങ്ങള്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ബ്രിട്ടീഷ് സൈനിക വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് തടസ്സമുണ്ടാക്കുകയോ അപകടത്തിലാക്കുകയോ ചെയ്യുന്ന ഏതൊരു നടപടിയും അതീവ ഗുരുതരമായി കാണുമെന്നും ജോണ്‍ ഹീലി മുന്നറിയിപ്പ് നല്‍കി. കപ്പലിന്റെ യാത്രാദിശ മാറ്റിയില്ലെങ്കില്‍ സൈനിക നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യന്‍ കപ്പലിനെ നിരീക്ഷിക്കാനായി യുകെ യുദ്ധക്കപ്പലുകളെയും സമുദ്രനിരീക്ഷണ വിമാനങ്ങളെയും യുകെ വിന്യസിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് വിവര ശേഖരണത്തിനും കടലിനടിയിലെ കേബിളുകള്‍ മാപ്പ് ചെയ്യുന്നതിനും വേണ്ടിയാണ് യാന്തര്‍ കപ്പല്‍ ശ്രമിക്കുന്നതെന്നാണ് യു.കെ വിലയിരുത്തുന്നത്. സമാധാനകാലത്ത് നിരീക്ഷണം നടത്തി ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് സംഘര്‍ഷസമയത്ത് അട്ടിമറിയുണ്ടാക്കാനുള്ള റഷ്യയുടെ പദ്ധതിയാണെന്നാണ് ബ്രിട്ടീഷ് ഉദ്യോഗിസ്ഥര്‍ പറയുന്നത്.

എന്നാല്‍, ബ്രിട്ടന്റെ ആരോപണങ്ങള്‍ റഷ്യന്‍ എംബസി തള്ളിക്കളഞ്ഞു. റഷ്യന്‍ വിരുദ്ധ മനോഭാവം വെച്ച് ലണ്ടന്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് യൂറോപ്പിന്റെ സുരക്ഷയെ അപകടത്തിലാക്കുകയാണെന്ന് റഷ്യ ആരോപിച്ചു. റഷ്യയുടെ പ്രവര്‍ത്തനങ്ങള്‍ യു.കെ.യുടെ താല്‍പ്പര്യങ്ങളെ ഹനിക്കാനോ സുരക്ഷയെ ദുര്‍ബലപ്പെടുത്താനോ ലക്ഷ്യമിട്ടുള്ളതല്ലെന്നും എംബസി പ്രസ്താവനയില്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button