ദുബൈ ഭരണാധികാരി ലണ്ടനിൽ സാധാരണക്കാരനെപ്പോലെ; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

ദുബൈ : ലണ്ടനിലെ പൊതുയിടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോ ആൾക്കൂട്ടമോ ഒന്നുമില്ലാതെ വളരെ ‘കൂൾ’ ആയി നടന്നു നീങ്ങുന്നയാളെ കണ്ട് പലരും ഒന്ന് അമ്പരന്നു. യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തുമാണ് സാധാരണക്കാരനായി നടന്നു പോകുന്നത് എന്ന് അറിഞ്ഞപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു.
ചിലർ സെൽഫി എടുത്തു, മറ്റു ചിലർ കൈ വീശി കാണിച്ചു. അപ്പോഴും ചുറ്റുപാടും അധികം ശ്രദ്ധിക്കാതെ അദ്ദേഹം യാത്ര തുടരുക ആയിരുന്നു. ഏതായാലും ദുബൈ ഭരണാധികാരിയുടെ ഈ ലണ്ടൻ യാത്ര ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നുണ്ട്.
ലണ്ടനിലെ നൈറ്റ്സ്ബ്രിഡ്ജിലുള്ള ഒരു കെട്ടിടത്തിന്റെ ലോബിയിലേക്ക് പ്രവേശിക്കുന്ന ശൈഖ് മുഹമ്മദിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നവയിൽ ഒരെണ്ണം. മറ്റൊന്ന് ലണ്ടനിലെ സ്ട്രീറ്റുകളിലൂടെ അദ്ദേഹം നടന്നു പോകുന്നതിന്റെ വിഡിയോയാണ്.
നീൽറുസ്ഗർ എന്നയാൾ ലണ്ടനിലെ തിരക്കേറിയ ട്രാഫിക്കിനിടയിൽ കാറിനുള്ളിൽ ഇരിക്കുന്ന ശൈഖ് മുഹമ്മദിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച് കൊണ്ട് പറഞ്ഞത് ഇങ്ങനെ ആണ്. `സിഗ്നലിനായി കാത്തുനിൽക്കുമ്പോൾ ദുബൈ ഭരണാധികാരിയുമായി ഒരു കുശലാന്വേഷണം’. ഈ വിഡിയോയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.